നിതീഷ് കുമാറില്ലാതെ മോദിയുടെ പട്ന റോഡ് ഷോ; മുഖ്യമന്ത്രിയാക്കില്ലെന്ന വ്യക്തമായ സന്ദേശമെന്ന് പ്രതിപക്ഷം
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം അവശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്നയിൽ നടത്തിയ മെഗാ റോഡ് ഷോയിൽ എൻ.ഡി.എ കക്ഷി കൂടിയായ ജെ.ഡി.യുവിന്റെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭാവം ശ്രദ്ധേയമായി. അതേമസയം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്‌സ്വാളും കേന്ദ്രമന്ത്രിയും ജെ.ഡി.യു നേതാവുമായ രാജീവ് രഞ്ജൻ സിങ് എന്ന ലാലനും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
നിതീഷ് കുമാറിന്റെ അഭാവത്തിനെതിരെ പ്രതിപക്ഷം കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ഇതിൽ തനിക്ക് അത്ഭുതമില്ലെന്നും ജെ.ഡി.യുവിന്റെ മുഖ്യമന്ത്രിയെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പിക്ക് പദ്ധതിയില്ലെന്നും ആർ.ജെ.ഡി നേതാവും പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് പ്രതികരിച്ചു. എൻ.ഡി.എ നിതീഷിനെ മാറ്റിനിർത്തുന്നതായി തേജസ്വി പലതവണ അവകാശപ്പെട്ടിട്ടുണ്ട്. എൻ.ഡി.എയുടെ പ്രകടന പത്രികയിലെ ഉള്ളടക്കത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരിക്കാമെന്നും അദ്ദേഹം നേരത്തെ പരിഹസിച്ചിരുന്നു.
ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനുള്ളിലെ വ്യത്യാസങ്ങൾ കോൺഗ്രസ് പാർട്ടിയും താനും ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാറും പറഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേനയെ തകർക്കാൻ ഉപയോഗിച്ച തന്ത്രം അൽപം പരിഷ്‍കരിച്ച് ബിഹാറിൽ ബി.ജെ.പി പരീക്ഷിക്കുകയാണെന്നും കനയ്യ പറഞ്ഞു.
മഹാരാഷ്ട്രയിൽ അവർ ആദ്യം ഏകനാഥ് ഷിൻഡെക്കുമേൽ നിയന്ത്രണം സ്ഥാപിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ പാർട്ടിയെ തകർക്കുകയും ചെയ്തു. ബിഹാറിൽ അവർ ജെ.ഡി.യുവിനെ പിടിച്ചെടുത്തു. ഇപ്പോൾ നിതീഷ് കുമാറിനെ അവസാനിപ്പിക്കാൻ അത് ഉപയോഗിക്കുന്നു. ബി.ജെ.പി-ജെ.ഡി.യു ക്യാമ്പിലെ അസ്വസ്ഥതയിലേക്കാണ് എല്ലാം വിരൽ ചൂണ്ടുന്നത്. പക്ഷേ മാധ്യമങ്ങൾ ‘മഹാഘട്ബന്ധനെ’ക്കുറിച്ച് മാത്രം സംസാരിക്കുന്നു. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ബി.ജെ.പിയിലും ജെ.ഡി.യുവിലും വിള്ളലിന്റെ സൂചനകൾ വ്യക്തമായിരുന്നുവെന്നും കനയ്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

