മോദിയുടെ ധ്യാനം: തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ മൂന്ന് ദിവസത്തെ ധ്യാനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിൽ ആരെയും പ്രത്യക്ഷമായോ പരോക്ഷമായോ പ്രചാരണം നടത്താൻ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. പ്രചാരണം തുടരുന്നതിനോ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനോ വേണ്ടിയുള്ള തന്ത്രമാണിത്. ‘മൗനവ്രതം’ ജൂൺ ഒന്നിന് വൈകുന്നേരത്തേക്ക് മാറ്റിവെക്കണമെന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് നാളെതന്നെ ആരംഭിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചാൽ, മാധ്യമങ്ങളോട് അത് സംപ്രേഷണം ചെയ്യരുതെന്ന് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്’ -അഭിഷേക് സിങ്‍വി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിന് പുറപ്പെടുന്നത്. 2019ലെ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് മുമ്പും മോദി ധ്യാനമിരുന്നിരുന്നു. അന്ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന്റെ ഭാഗമായ രുദ്രദാന ഗുഹയിലായിരുന്നു 17 മണിക്കൂർ ധ്യാനം. ഗുഹയിൽ ധ്യാനമിരിക്കുന്ന ചിത്രം മോദിതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചിത്രം വൈറലുമായി. തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പേ, മോദിയുടെ ‘ധ്യാനചിത്രം’ വലിയ രാഷ്ട്രീയ ചർച്ചക്കും വഴിവെച്ചു. തെരഞ്ഞെടുപ്പ് നേട്ടത്തിനായി പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, മോദിയുടെ നീക്കം വോട്ടാക്കി മാറ്റാൻ സാധിച്ചുവെന്ന് പല നിരീക്ഷകരും വിലയിരുത്തിയിരുന്നു.
ധ്യാനത്തിന് പോകുന്ന മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും രംഗത്തുവന്നിരുന്നു. ധ്യാനത്തിനിടയിലെ കാമറയുടെ സാന്നിധ്യത്തിനെതിരെയാണ് അവർ രംഗത്തെത്തിയത്. ‘ആർക്കും പോയി ധ്യാനിക്കാം... എന്നാൽ, ആരെങ്കിലും ധ്യാനത്തിന് കാമറയുമായി പോകുമോ?. തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോകുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തുകൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്. കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകും’ -എന്നിങ്ങനെയായിരുന്നു മമതയുടെ പ്രതികരണം.
മേയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകീട്ട് 4.55നാണ് കന്യാകുമാരിയില്‍ എത്തുക. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന് ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. രണ്ടായിരത്തിലധികം പൊലീസുകാരെയാണ് ഇതിനായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

