നോർവേയിൽ മാധ്യമങ്ങൾക്ക് മറുപടി പറയാതെ മോദി; വിമർശനം
text_fieldsന്യൂഡൽഹി: നോർവേ സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകയുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്ടെന്ന് വേദിവിട്ടതിൽ വ്യാപക വിമർശനം. നോർവേ പ്രധാനമന്ത്രി യൊനാസ് ഗറിനൊപ്പം ഓസ്ലോയിൽ സംയുക്ത പ്രസ്താവനക്ക് ശേഷമാണ് മാധ്യമ പ്രവർത്തക മോദിയോട് ചോദ്യം ചോദിച്ചത്. ഉത്തരം പറയാതെ മോദി ഇറങ്ങിപ്പോകുമ്പോൾ, ‘ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് എന്തുകൊണ്ടാണ് മറുപടി നൽകാത്തത്’ എന്ന് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ഉറക്കെ വിളിച്ചുപറഞ്ഞെങ്കിലും മോദി പ്രതികരിച്ചില്ല.
ഇതിനിടെ, ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഒളിച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നും, ചോദ്യങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി പരിഭ്രാന്തനായി ഓടിയൊളിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്നും രാഹുൽ ഗാന്ധി എക്സിൽ ആരോപിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റിന് താഴെ, ഫോൺ വഴി അഭിമുഖത്തിന് സമയം അനുവദിക്കാമോ എന്നും, പ്രധാനമന്ത്രിയുടെ നോർവേ സന്ദർശനത്തെ പ്രതിപക്ഷം എങ്ങനെ വീക്ഷിക്കുന്നു എന്ന് അറിയാൻ താൽപര്യമുണ്ടെന്നും വ്യക്തമാക്കി ഹെല്ലെ ലിങ് കമന്റ് ചെയ്തു.
ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്താണെന്നും ഇന്ത്യ 157ാം സ്ഥാനത്താണെന്നും ഓർമിപ്പിച്ച അവർ, ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കുക എന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണെന്നും വ്യക്തമാക്കി. വിവാദത്തിന് പിന്നാലെ ഒസ്ലോയിൽ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്തസമ്മേളനത്തിൽ ഹെല്ലെ ലിങ്ങും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജും തമ്മിൽ വാക്പോരുണ്ടായി. ഇന്ത്യയിലെ ജനാധിപത്യം, മനുഷ്യാവകാശ ലംഘനങ്ങൾ, മാധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ കടുത്ത ഭാഷയിലാണ് സിബി ജോർജ് മറുപടി നൽകിയത്.
ഇന്ത്യയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ചില എൻ.ജി.ഒകൾ നൽകുന്ന ഒന്നോ രണ്ടോ റിപ്പോർട്ടുകൾ വായിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വിവാദത്തിന് പിന്നാലെ, രാഹുൽ ഗാന്ധി ഇതുവരെ നടത്തിയ വാർത്തസമ്മേളനങ്ങളുടെ എണ്ണവും മോദി ഇതുവരെ വാർത്തസമ്മേളനം നടത്താത്തതും ചൂണ്ടിക്കാട്ടിയുള്ള പോസ്റ്ററുകൾ കോൺഗ്രസ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ചോദ്യം ഉന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലിങ്ങിനെതിരെ സംഘ്പരിവാർ അക്കൗണ്ടുകളിൽ നിന്നും വലിയ രീതിയിൽ സൈബർ ആക്രമണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

