മോദി ഇന്ന് കർണാടകയിൽ, വൈറ്റ്ഫീൽഡ് മെട്രോ പാത തുറക്കും
text_fieldsനമ്മ മെട്രോയുടെ വൈറ്റ് ഫീൽഡ് സ്റ്റേഷൻ
ബംഗളൂരു: മേയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൂടി മുന്നിൽകണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വീണ്ടും സംസ്ഥാനത്തെത്തും.ബംഗളൂരുവിലെ നമ്മ മെട്രോയുടെ വൈറ്റ് ഫീൽഡ്-കെ.ആർ. പുരം പാതയുടെ ഉദ്ഘാടനമാണ് പ്രധാന ചടങ്ങ്. ഉച്ചക്ക് ഒരുമണിക്ക് വൈറ്റ് ഫീൽഡ് മെട്രോ സ്റ്റേഷനിലാണ് ചടങ്ങ്. സത്യസായി ആശ്രമം മുതൽ വൈറ്റ്ഫീൽഡ് വരെ 1.8 കിലോമീറ്റർ ദൂരം റോഡ്ഷോ നടത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയായ വൈറ്റ്ഫീൽഡ് സ്റ്റേഷനിലെത്തുക. നഗരത്തിലെ യാത്രാസൗകര്യം വർധിപ്പിക്കുന്ന 13.71 കിലോമീറ്റർ മെട്രോ പാതയാണ് പുതുതായി തുറക്കുന്നത്. 12 സ്റ്റേഷനുകളാണ് ഈ പാതക്കിടയിൽ ഉള്ളത്. 4,250 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.
ബംഗളൂരു മെട്രോ രണ്ടാംഘട്ടത്തിന്റെ വിപുലീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പാത നിർമിച്ചത്. കെങ്കേരിയെ ബൈയപ്പനഹള്ളിയുമായി ബന്ധിപ്പിക്കുന്ന പർപ്പിൾ ലൈനിന്റെ നവീകരണ ലൈനാണിത്. ബംഗളൂരുവിന്റെ കിഴക്കൻ ഐ.ടി ഹബ്ബിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാൻ ഈ ലൈനിന് കഴിയും. വൈറ്റ് ഫീൽഡ്- കെ.ആർ പുരം മെട്രോ പാതയിൽ പ്രവൃത്തികൾ പൂർത്തീകരിച്ചതായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 12 മിനിറ്റിന്റെ ഇടവേളയിലാണ് പാതയിലൂടെ മെട്രോ സർവിസുകളുണ്ടാകുക.
കെ.ആർ. പുരത്തുനിന്ന് വൈറ്റ്ഫീൽഡിലേക്ക് 24 മിനിറ്റിനുള്ളിൽ എത്താൻ കഴിയും. മെട്രോ സർവിസ് തുടങ്ങിക്കഴിഞ്ഞാൽ പാതയിൽ ഉൾപ്പെടുന്ന മുഴുവൻ സ്റ്റേഷനുകളിൽനിന്നും സമീപപ്രദേശങ്ങളിലേക്ക് ബി.എം.ടി.സി. ഫീഡർ സർവിസുകളും നടത്തും. ഇതിനായി ബി.എം.ആർ.സി.എൽ. ബി.എം.ടി.സി.യുമായി കരാറിലെത്തിയിരുന്നു. സൈക്കിൾ വാടകക്ക് ലഭ്യമാക്കുന്ന സംവിധാനവും ഈ സ്റ്റേഷനുകളിൽ സജ്ജീകരിക്കും.
ശനിയാഴ്ച രാവിലെ 10.45ന് ചിക്കബെല്ലാപുരയിലെത്തുന്ന നരേന്ദ്ര മോദി ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നടത്തിയ ശേഷമാണ് ബംഗളൂരുവിലെത്തുക. പ്രധാനമന്ത്രി മോദിയെ നിരന്തരം സംസ്ഥാനത്തെത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണ് ബി.ജെ.പി. ഈ വർഷം ഇതുവരെ ആറുതവണ മോദി സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

