കോർപ്പറേറ്റുകൾക്കെതിരെ മോദിയുടെ പരാമർശം; ‘ബീഫ്’ ചൂണ്ടി തരൂരിന്റെ കിടിലൻ പരിഹാസം
text_fieldsന്യൂഡൽഹി: നികുതി ഇളവുകൾ നൽകിയിട്ടും അതിന് ആനുപാതികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ശമ്പളം വർധിപ്പിക്കുകയോ ചെയ്യാത്ത കോർപ്പറേറ്റ് മേഖലക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച നടത്തിയ വിമർശനത്തെ പിന്തുണച്ച് കോൺഗ്രസ് എം.പി ശശി തരൂർ. പ്രധാനമന്ത്രി പറഞ്ഞത് യാഥാർഥ്യമാണെന്ന് സമ്മതിക്കുമ്പോഴും, രാജ്യത്ത് അഴിമതി രൂക്ഷമാണെന്നും ‘ന ഖാഊംഗാ, ന ഖാനേ ദൂംഗാ’ (ഞാൻ തിന്നുകയുമില്ല, തിന്നാൻ അനുവദിക്കുകയുമില്ല) എന്ന മോദിയുടെ പ്രസിദ്ധമായ പ്രയോഗം ബീഫിന്റെ കാര്യത്തിൽ മാത്രമാണ് അർഥമാക്കിയതെന്ന് ഇപ്പോൾ മനസ്സിലാകുന്നുവെന്നും തരൂർ പരിഹസിച്ചു.
കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ നടന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വാർഷിക പൊതുയോഗത്തിൽ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപ്പറേറ്റുകൾക്കെതിരെ വിമർശനം ഉന്നയിച്ചത്. വാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവർക്ക് ആദായനികുതി ഇളവ് നൽകിയ കാര്യം ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചോ, ജീവനക്കാരുടെ എണ്ണം കൂട്ടിയോ എന്ന് ചോദിച്ചിരുന്നു. ‘ഇല്ല. മോദി ജി, നിങ്ങൾ ചെയ്യൂ, ഞങ്ങൾ കണ്ടോളാം’ എന്ന മനോഭാവമാണ് തുടരുന്നത് എന്നായിരുന്നു മോദിയുടെ വിമർശനം. പ്രധാനമന്ത്രിയുടെ ഈ നിലപാടിനെയാണ് തരൂർ ശരിവെച്ചത്.
‘കോർപ്പറേറ്റുകൾക്ക് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാകാം. എന്നാൽ എനിക്ക് മനസ്സിലാകുന്നിടത്തോളം, കമ്പനികൾ കൂടുതൽ നിക്ഷേപം നടത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ശമ്പളം വർധിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായാണ് സർക്കാർ നികുതി കുറച്ചത് എന്നതാണ് പ്രധാനമന്ത്രിയുടെ വാദം. എന്നാൽ കമ്പനികൾ അവരുടെ ഭാഗത്തെ കടമ നിറവേറ്റിയിട്ടില്ല’ -തരൂർ വ്യക്തമാക്കി.
യുവാക്കൾക്ക് ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ എടുത്തുപറഞ്ഞ തരൂർ, തൊഴിൽ രംഗത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാണിച്ചു. സമ്പദ്വ്യവസ്ഥക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി കമ്പനികൾക്ക് നേരെ വിരൽ ചൂണ്ടുകയും, കമ്പനികൾ സർക്കാർ നയങ്ങൾക്ക് നേരെ വിരൽ ചൂണ്ടുകയും ചെയ്യുമ്പോൾ അത് ശ്രദ്ധയോടെ വീക്ഷിക്കേണ്ട ഒന്നാണ്’-തരൂർ കൂട്ടിച്ചേർത്തു.
തുടർന്നാണ് അഴിമതി ആരോപണവും പരിഹാസവും തരൂർ ഉന്നയിച്ചത്. താൻ സംസാരിക്കുന്ന ഓരോ വ്യവസായിയുടെയും അഭിപ്രായത്തിൽ, അഴിമതി മുമ്പെന്നത്തെക്കാളും വളരെ മോശമായിരിക്കുകയാണെന്ന് പറയാൻ താൻ ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘സത്യസന്ധമായി പറഞ്ഞാൽ, പ്രധാനമന്ത്രി പ്രശസ്തമായി പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്: ‘ന ഖാഊംഗാ, ന ഖാനേ ദൂംഗാ’ (ഞാൻ തിന്നുകയുമില്ല, തിന്നാൻ അനുവദിക്കുകയുമില്ല) എന്നാൽ അദ്ദേഹം ഉദ്ദേശിച്ചത് ബീഫ് മാത്രമാണെന്ന് ഇപ്പോൾ നമുക്ക് മനസ്സിലാകുന്നു എന്നായിരുന്നു തരൂരിന്റെ പരിഹാസം. സർക്കാരിന് ഇനിയും മെച്ചപ്പെടുത്താൻ കഴിയുന്ന പല കാര്യങ്ങളുണ്ടെന്നും തരൂർ ഓർമ്മിപ്പിച്ചു.

