‘ആബെ സാൻ പ്രിയ സുഹൃത്ത്’; ഷിൻസോ ആബെയുടെ ഭാര്യയെ സന്ദർശിച്ച് മോദി
text_fieldsന്യൂഡൽഹി: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യ അക്കിയെ ആബെയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഷിൻസോ ആബെ വഹിച്ച നിർണായക പങ്കിനെക്കുറിച്ചും മോദി അനുസ്മരിച്ചു. ആബെ പ്രിയ സുഹൃത്തും ദീർഘദർശിയായ നേതാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിൽ ഷിൻസോ ആബെ നിർണായക പങ്കുവഹിച്ചെന്നും മോദി എക്‌സിൽ കുറിച്ചു. വാരാണസിയിലെ രുദ്രാക്ഷ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പുതുതായി ഉദ്ഘാടനം ചെയ്ത ‘ഷിൻസോ ആബെ മെമ്മോറിയൽ കോറിഡോർ’ അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ഉചിതമായ ആദരവാണെന്നും മോദി പറഞ്ഞു.
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വികാരാധീനയായ അക്കിയെ ആബെ, ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മോദിയിൽനിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണം ഷിൻസോ ആബെയെക്കുറിച്ചുള്ള ഓർമകൾ വീണ്ടും ശക്തമാക്കിയെന്നും അവർ വ്യക്തമാക്കി.
ബുധനാഴ്ചയാണ് അക്കിയെ ആബെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് വാരാണസിയിലെ രുദ്രാക്ഷ് കൺവെൻഷൻ സെന്ററിൽ ഷിൻസോ ആബെ മെമ്മോറിയൽ കോറിഡോർ ഉദ്ഘാടനം ചെയ്തത്. ജപ്പാന്റെ സഹകരണത്തോടെ നിർമിച്ച കൺവെൻഷൻ സെന്റർ 2021ലാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്.
2015ൽ മോദിക്കൊപ്പം ഷിൻസോ ആബെ വാരാണസി സന്ദർശിച്ചതും ഗംഗാ ആരതിയിൽ പങ്കെടുത്തതും അക്കിയെ ആബെ ചടങ്ങിൽ അനുസ്മരിച്ചു. വാരാണസിയും ജപ്പാനിലെ ക്യോട്ടോയും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെക്കുറിച്ചും അവർ സംസാരിച്ചു.
ജപ്പാൻ പ്രധാനമന്ത്രിയായി രണ്ട് തവണ സേവനമനുഷ്ഠിച്ച ഷിൻസോ ആബെ 2022 ജൂലൈയിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ 2021ൽ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം 2027ൽ ആഘോഷിക്കാനിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

