'നരാസ് ഫുഫാസ്, ദിമാഗി നക്സൽ'; ലേബലുകൾ മാറുന്നുണ്ടെങ്കിലും മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ മാറുന്നില്ല: രൂക്ഷ വിമർശനവുമായി ഖാർഗെ
text_fieldsന്യൂഡൽഹി: ഭരണവീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളെ അടിച്ചമർത്താനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ രാഷ്ട്രീയ ലേബലുകൾ ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
അധ്യാപക ദിനത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സിന്റെ (എസ്.ആർ.സി.സി) ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കവെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഖാർഗെയുടെ പരാമർശം. സർക്കാർ പദ്ധതികളെ എതിർക്കുന്ന വിമർശകരെ മോദി തന്റെ പ്രസംഗത്തിൽ 'നരാസ് ഫുഫാസ്' (ആംഗ്രി അങ്കിൾസ്) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വിദ്യാഭ്യാസം, തൊഴിൽ, യുവജനക്ഷേമം എന്നിവ ചർച്ച ചെയ്യാൻ അവസരമാകേണ്ടിയിരുന്ന പരിപാടി മോദി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചെന്നും ഖാർഗെ പറഞ്ഞു. ഭരണപരമായ വീഴ്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രതിപക്ഷത്തിന് നേരെ അവഹേളന മുദ്രകൾ ചാർത്തുന്നത് പ്രധാനമന്ത്രിയുടെ പതിവ് തന്ത്രമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പ്രധാനമന്ത്രി മോദി, താങ്കൾ ഇന്നലെ ഡൽഹി സർവകലാശാലയിലെ എസ്.ആർ.സി.സി സന്ദർശിച്ചു. രാജ്യത്തെ യുവാക്കളെയും വിദ്യാഭ്യാസത്തെയും അവരുടെ ഭാവിയെയും കുറിച്ച് സംവാദത്തിനുള്ള അവസരമായിരുന്നു അത്. എന്നാൽ കഷ്ടമെന്ന് പറയട്ടെ, യുവാക്കളുടെ ചോദ്യങ്ങളെ നേരിടുന്നതിന് പകരം ആ പ്രസംഗം മറ്റൊരു രാഷ്ട്രീയ പ്രചാരണമായി മാറി," ഖാർഗെ എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ചോദ്യങ്ങളെ അടിച്ചമർത്താനായി പ്രതിപക്ഷത്തിന് എല്ലാ വർഷവും പുതിയൊരു വിശേഷണം നൽകുന്നു, അതുവഴി അവരുടെ സ്വന്തം പരാജയങ്ങൾ മറച്ചുവെക്കപ്പെടുന്നുവെന്നും ഖാർഗെ വിമർശിച്ചു. "...നരാസ് ഫുഫ, ദിമാഗി നക്സൽ, അർബൻ നക്സൽ, ഖാൻ മാർക്കറ്റ് ഗ്യാങ്, ആന്ദോളൻജീവി, പർജീവി (പരാന്നഭോജി). വിശേഷണങ്ങൾ മാറിമാറി വരുന്നുണ്ടെങ്കിലും മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ മാറുന്നില്ല."
തൊഴിലില്ലായ്മ, സർക്കാർ നിയമനങ്ങളിലെ നീണ്ട കാലതാമസം, ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസച്ചെലവ് കൂടൽ, സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കൽ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിന് മേലുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദം തുടങ്ങി യുവാക്കൾ നേരിടുന്ന വെല്ലുവിളികളും ഖാർഗെ ഉയർത്തിക്കാട്ടി. ഒഴിഞ്ഞുമാറിനടന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്നും അദ്ദേഹം മോദിയെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

