കൈത്തറി വസ്ത്രത്തിൽ 'ഗെറ്റ് റെഡി വിത്ത് മീ' വിഡിയോ ചെയ്യാൻ യുവാക്കളോട് മോദി
text_fieldsന്യൂഡൽഹി: ദേശീയ കൈത്തറി ദിനാഘോത്തിന്‍റെ ഭാഗമായി കൈത്തറി വസ്ത്രങ്ങൾ ധരിച്ച് "ഗെറ്റ് റെഡി വിത്ത് മീ" വിഡിയോകൾ തയ്യാറാക്കാൻ രാജ്യത്തെ യുവാക്കളോട് അഭ്യർഥിക്കുന്ന റീൽ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം പ്രദർശിപ്പിക്കുന്നതിനും കരകൗശല തൊഴിൽ ചെയ്യുന്ന കുടുംബങ്ങളെ പിന്തുണക്കുന്നതിനും ഈ ട്രെൻഡ് സഹായിക്കുമെന്നാണ് മോദി പറയുന്നത്.
കൈത്തറി ദിനത്തിന് മുന്നോടിയായി പങ്കുവെച്ച ഇൻസ്റ്റഗ്രാം റീലിൽ, കൈത്തറി ദിനത്തിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ രാജ്യത്തുടനീളമുള്ള ജനങ്ങൾ അണിനിരന്ന സ്വദേശി പ്രസ്ഥാനത്തിന്‍റെ തുടക്കം കുറിച്ച ദിവസമാണ് 1905 ആഗസ്റ്റ് 7 എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നെയ്ത്ത് സമൂഹത്തിന്‍റെ സംഭാവനകളെ എടുത്തുപറഞ്ഞുകൊണ്ട്, പരമ്പരാഗത കരകൗശലത്തിലൂടെ കൈത്തറി വസ്ത്രങ്ങൾ നിർമിക്കുന്ന കുടുംബങ്ങളെ അംഗീകരിക്കാനും പിന്തുണക്കാനുള്ള അവസരമാണ് ദേശീയ കൈത്തറി ദിനം എന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തുടനീളമുള്ള നെയ്ത്ത് കുടുംബങ്ങളുടെ ഉപജീവനമാർഗം ശക്തിപ്പെടുത്തിക്കൊണ്ട് 'ആത്മനിർഭർ ഭാരത്' എന്ന കാഴ്ചപ്പാടിന് ഈ ദൗത്യം സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കുറഞ്ഞത് ഒരു കൈത്തറി ഉൽപ്പന്നമെങ്കിലും വാങ്ങി അതിനെക്കുറിച്ച് ഒരു വിഡിയോ നിർമിക്കണമെന്നും നമ്മുടെ നെയ്ത്തുകാരായ സഹോദരി സഹോദരന്മാരുടെ പ്രതിഭയും കരകൗശലവസ്തുക്കളും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകളിൽ എത്തുന്ന തരത്തിൽ അത് വ്യാപകമായി പങ്കുവെക്കണമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

