നെഹ്റുവിന്റെ റെക്കോഡ് മറികടന്ന് മോദി; തുടർച്ചയായ ഭരണത്തിൽ ചരിത്രനേട്ടമെന്ന് കേന്ദ്ര മന്ത്രിസഭ
text_fieldsന്യൂഡൽഹി: തുടർച്ചയായി ഏറ്റവും കൂടുതൽ കാലം രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലിരുന്ന റെക്കോഡ് സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ പ്രമേയം പാസാക്കി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ബുധനാഴ്ച 4,399 ദിവസങ്ങൾ പൂർത്തിയാക്കിയതോടെയാണ് പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ റെക്കോഡ് ഭേദിച്ചത്. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് മോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കിയത്. യോഗത്തിൽ കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിക്ക് എഴുന്നേറ്റുനിന്ന് ആദരവ് അർപ്പിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ൽ നെഹ്റു പ്രധാനമന്ത്രി ആയെങ്കിലും അത് തെരഞ്ഞെടുപ്പിലൂടെ ആയിരുന്നില്ല. 1951-52ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിനുശേഷം തുടർച്ചയായി 4,398 ദിവസങ്ങളാണ് അദ്ദേഹം പ്രധാനമന്ത്രി പദവി വഹിച്ചത്. ഇന്ദിരഗാന്ധി 14 വർഷത്തിലധികം പ്രധാനമന്ത്രി ആയിരുന്നെങ്കിലും അതും തുടർച്ചയായി ആയിരുന്നില്ല. നേട്ടത്തിൽ എൻ.ഡി.എ നേതാക്കളും മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. മോദിയുടെ 12 വർഷത്തെ ഭരണകാലം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു നിർണായക ഘട്ടമാണെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രശംസിച്ചു.
സ്വയം പ്രഖ്യാപിത നാഴികക്കല്ലെന്ന് കോൺഗ്രസ്
പ്രധാനമന്ത്രിപദത്തിൽ ഏറ്റവും കൂടുതൽ കാലം തുടർന്ന നരേന്ദ്ര മോദി കൈവരിച്ചത് സ്വയം പ്രഖ്യാപിത, വ്യാജനിർമിത നാഴികക്കല്ലാണെന്നും കോൺഗ്രസ്. ജനാധിപത്യ ധ്വംസനത്തിന് നേതൃത്വം നൽകിക്കൊണ്ട് ഇന്ത്യയുടെ കഴുത്തിൽ തൂങ്ങിയ നാഴികക്കല്ലാണെന്നും കോൺഗ്രസ് വിമർശിച്ചു.
ജവഹർലാൽ നെഹ്റു 1947 ആഗസ്റ്റ് 15ന് പ്രധാനമന്ത്രിയായത് ലോകത്ത് അപൂർവമായി മാത്രം കാണാറുള്ള മികവുറ്റ പ്രതിഭകളെ ഉൾപ്പെടുത്തിയുള്ള മന്ത്രിസഭക്ക് നേതൃത്വം നൽകിയാണെന്ന് പാർട്ടി നേതാവ് ജയ്റാം രമേശ് എക്സിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
560ൽ പരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂനിയനിൽ സമാധാനപരമായി ചേർത്തു. ഇന്ത്യൻ ഭരണഘടന ചർച്ച ചെയ്ത് അംഗീകരിച്ചു. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തി. ശാസ്ത്ര, സാങ്കേതിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും മറ്റും ഇന്ത്യ ആഗോള കാര്യങ്ങളിലെ സുപ്രധാന ശക്തിയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

