"അക്രമം മണിപ്പൂരിനെ വിഴുങ്ങി, പുരോഗതിക്ക് സമാധാനം വേണം" മണിപ്പൂരിൽ മോദി; പ്രഹസനമെന്ന് ഖാർഗെ
text_fieldsഇംഫാൽ: മണിപ്പൂരിൽ കലാപ ബാധിതരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അക്രമം മണിപ്പൂരിനെ വിഴുങ്ങിയെന്നും മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് സർക്കാറെന്നും സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് സമാധാനം ആവശ്യമാണെന്നും മോദി പറഞ്ഞു. എല്ലാ വിഷയങ്ങളിലും കേന്ദ്രം മണിപ്പൂരിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുരാന്ദ്പൂരിലെ കുക്കി വിഭാഗത്തിലെ കലാപബാധിതരെയാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. ഇവിടെ 7300 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഗോത്ര വിഭാഗങ്ങൾക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തറക്കല്ലിടൽ ചടങ്ങിൽ സർക്കാറിന്‍റെ ഭരണനേട്ടങ്ങൾ എടുത്തു പറഞ്ഞു.
അതേ സമയം മോദിയുടെ മണിപ്പൂർ സന്ദർശനം പ്രഹസനമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ നിലവിളികളിൽ നിന്ന് ഒളിച്ചോടാനാണ് മോദി ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. മണിപ്പൂർ കലാപത്തിനുശേഷം 46 വിദേശ യാത്രകൾ നടത്തിയിട്ടും സ്വന്തം പൗരൻമാരോട് സഹതാപം പ്രകടിപ്പിക്കാൻപോലും അദ്ദേഹത്തിനായില്ലെന്ന് ഖാർഗെ പറഞ്ഞു.
2023ൽ മണിപ്പൂരിൽ സംഘർഷം തുടങ്ങിയിട്ടും ഇതുവരെ മോദി ഇവിടെ സന്ദർശിക്കാതിരുന്നത് വിമർശനങ്ങൾ ഉയർത്തിയിരുന്നു. മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 260ലേറെ പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

