Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷിനെ മോദിയും ഷായും ഒളിപ്പിക്കുന്നു, ഭൂമിക്കടിയിലാണെങ്കിലും വലിച്ച് പുറത്തിടും -ഖാർഗെ

text_fields
bookmark_border
ഗ്യാനേഷിനെ മോദിയും ഷായും ഒളിപ്പിക്കുന്നു, ഭൂമിക്കടിയിലാണെങ്കിലും വലിച്ച് പുറത്തിടും -ഖാർഗെ
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ ഇൻഡ്യ സഖ്യം പോരാട്ടം തുടരു​മെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ദില്ലി ചലോ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗ്യാനേഷിനെ ഓടിക്കും. അയാൾ പോകുന്നതുവരെ നമ്മൾ പോരാടിക്കൊണ്ടിരിക്കും. അയാളെ ഒളിപ്പിക്കാൻ മോദിയും ഷായും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നാൽ അയാളെ ഒളിപ്പിക്കാനാകില്ല. ഭൂമിക്കടിയിൽ ഒളിച്ചാലും വലിച്ച് പുറത്തിടും. അതിനുള്ള ശേഷി നമ്മുടെ ചെറുപ്പക്കാർക്കും സ്ത്രീകൾക്കുമുണ്ട്’ -അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനമാണ് ഖാർഗെ നടത്തിയത്. കേന്ദ്രഭരണകൂടം യുവാക്കളുടെയും സ്ത്രീകളുടെയും ദലിതരുടെയും വോട്ടവകാശം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും വോട്ടുകളും തട്ടിയെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കിയാൽ മാത്രമേ രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുകയുള്ളൂ. സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ടതില്ല. ഇൻഡ്യ മുന്നണിയിലെ നേതാക്കൾ ഭയപ്പെടുന്നവരല്ല, പോരാടുന്നവരാണ്.

രാജ്യത്തെ ജനങ്ങളല്ല മോദിയെ തെരഞ്ഞെടുക്കുന്നത്, മറിച്ച് മോദി തനിക്ക് വോട്ട് ചെയ്യേണ്ട വോട്ടർമാരെ സ്വയം തെരഞ്ഞെടുക്കുകയാണ്. നിലവിലെ കേന്ദ്ര സർക്കാരും മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകളും കള്ളന്മാരുടെ ഭരണകൂടങ്ങളാണ്. ഇത്തരക്കാരെ അധികാരത്തിൽ നിന്ന് ജനങ്ങൾ തൂത്തെറിയണം’ -അദ്ദേഹം ആഹ്വാനം ചെയ്തു.

‘മോദിയെ മാറ്റൂ, ജനാധിപത്യം സംരക്ഷിക്കൂ’എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഭരണഘടനയും രാജ്യവും സംരക്ഷിക്കാൻ ജനങ്ങൾ ഒന്നടങ്കം പോരാട്ടത്തിന് തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പേരാണ് മഹാറാലിയിൽ പ​​ങ്കെടുക്കാൻ ഡൽഹിയിൽ എത്തിച്ചേർന്നത്. ഇൻഡ്യ സഖ്യ പാർട്ടികളെല്ലാം പാർട്ടി പതാകയും ബാനറുകളുമായാണ് റാലിയിൽ അണിനിരന്നു. രാവിലെ 5.30 മുതൽ തന്നെ റാലിയുടെ വേദിയായ രാംലീല മൈതാനത്തിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു.

മുൻ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, സഞ്ജയ് റാവത്ത്, സുപ്രിയ സുലെ, മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, രേവന്ത് റെഡ്ഡി, ഡി.കെ. ശിവകുമാർ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹീം അടക്കമുള്ള നേതാക്കളും റാലിയിൽ അണിനിരന്നു.

ബംഗാളിൽ ബിജെപി വോട്ട് കൊള്ള നടത്തിയാണ് ​വിജയിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പറഞ്ഞു. ബംഗാളിലേതുപോലെ രാജ്യത്ത് വോട്ടു കൊള്ള നടത്താൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

രാമക്ഷേത്രം കൊള്ളയടിച്ച ബിജെപി ഇനി അധികാരത്തിൽ എത്തില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. രാംലീല മൈതാനം പുതിയ ഇതിഹാസം രചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ശകുനിമാർ’ തെറ്റായ കളികൾ കളിക്കുമ്പോൾ മഹാഭാരത യുദ്ധം നടത്തേണ്ട സാഹചര്യമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെ വിചാരണ ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Modi, Shah hiding Gyanesh Kumar, Kharge says will drag out
Next Story