അലഞ്ഞുതിരിയുന്ന കന്നുകാലികളെ തടയാൻ പ്രത്യേക നയം കൊണ്ടുവരുമെന്ന് മോദി: പ്രശ്നം നിശ്ചിത സ്ഥലങ്ങളിൽ മാത്രമെന്ന് യോഗി
text_fieldsലഖ്നൗ: തെരുവിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ തടയാൻ മോദി സർക്കാർ പുതിയ നയം സ്വീകരിച്ചെങ്കിലും പ്രശ്നം ചില പ്രദേശങ്ങളിൽ മാത്രമാണെന്ന നിലപാടുമായി യു.പി സർക്കാർ. മാർച്ച് 10 മുതൽ കന്നുകാലികളെ തടയാൻ നയം പ്രാബല്യത്തിൽ വരുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ 75ൽ 44 ജില്ലകളും കന്നുകാലികളിൽ നിന്ന് മുക്തമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മണ്ഡി പരിഷത്തിൽ നിന്ന് ലഭിക്കുന്ന വരമാനത്തിന്‍റെ മൂന്ന് ശതമാനം ഗോ സേവ ആയോഗ് വഴി രജിസ്റ്റർ ചെയ്ത ഗോശാലകളിൽ അവശേഷിക്കുന്ന കന്നുകാലികളുടെ ക്ഷേമത്തിനായി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഉത്തർപ്രദേശിലെ ഗോശാല നിയമപ്രകാരം 572 ഗോശാലകളാണ് ഇതുവരെ ഗോ സേവ ആയോഗ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 394 സജീവ ഗോശാലകളും ഇതിൽ ഉൾപ്പെടുന്നു. 20 കോടി രൂപയാണ് രജിസ്റ്റർ ചെയ്ത ഗോശാലകൾക്ക് നൽകിയിട്ടുള്ളത്.
തെരുവിൽ അലയുന്ന എല്ലാ മൃഗങ്ങൾക്കും ഭക്ഷണം ഉറപ്പു വരുത്തുന്നതിന് ജില്ലാ മജിസ്ട്രേറ്റുകൾക്ക് 474 കോടി സർക്കാർ അനുവച്ചിട്ടുണ്ടെന്നും ഓരോ മേഖലയിലെയും നോഡൽ ഓഫീസർമാർ ഗോശാലകൾ സന്ദർശിച്ച് പ്രശ്നപരിഹാരം നടത്താറുണ്ടെന്നും സർക്കാർ അവകാശപ്പെട്ടു.
അനധികൃത അറവുശാലകൾ പൂർണമായും അടച്ചുപൂട്ടിയെന്നും ഒമ്പത് ലക്ഷത്തിലധികം അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഷെൽട്ടറുകളിലാണെന്നും യോഗി വ്യക്തമാക്കി. കൃഷി വ്യാപിപ്പിക്കുന്നത് മൂലം അലഞ്ഞുതിരിയുന്ന കന്നുകാലികളെ കർഷകർക്ക് പ്രയോജനപ്പെടുത്തുകയും, കർഷകരുടെ വയലുകളെ പശുക്കളിൽ നിന്നും കാളകളിൽ നിന്നും സംരക്ഷിക്കുമെന്നും, ഇതിനായി ബജറ്റിൽ നിശ്ചിത തുക മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബരാഭങ്കിയിൽ യോഗിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന വേദിക്കരികിലേക്ക് തെരുവുകളിൽ അലഞ്ഞുതിരിയുന്ന നൂറ് കണക്കിന് കന്നുകാലികളെ കർഷകർ എത്തിച്ചിരുന്നു. കന്നുകാലി ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാതിരുന്നതിൽ പ്രതിഷേധിച്ചാണ് കർഷകർ കന്നുകാലികളെ അഴിച്ചു വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

