മൂന്നാമതും പ്രധാനമന്ത്രിയായാൽ ഇന്ത്യ സമ്പദ്ഘടനയിൽ കുതിക്കുമെന്ന് മോദി
text_fieldsന്യൂഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നതോടെ ലോകത്തിലെ തന്നെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യയും ഇടം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ പുരോഗമനം നിലയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐ.ഇ.സി.സി) സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"ട്രാക്ക് റെക്കോർഡുകൾ പരിശോധിച്ചാൽ നമ്മുടെ സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നാകും. ഇത് മോദിയുടെ ഗ്യാരന്‍റിയാണ്" പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും നീതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
"ഇന്ത്യയിലെ ദാരിദ്ര്യം അതിന്‍റെ അന്ത്യത്തിലേക്കെത്തിയെന്നാണ് അന്താരാഷ്ട്ര ഏജൻസികൾ പോലും വ്യക്തമാക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് കഴിഞ്ഞ ഒമ്പത് വർഷക്കാലം രാജ്യത്തെ പോളിസികളെയും നയങ്ങളെയും സർക്കാർ ശരിയായ ദിശയിലൂടെ നയിച്ചു എന്നതാണ്. എല്ലാ നല്ല കാര്യങ്ങൾക്കും തടസം നിൽക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. കർത്തവ്യപാതയുടെ നിർമാണം നടക്കുമ്പോൾ നിരവധി പലവിധത്തിലുള്ള വാർത്തകളാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കോടതിയിലും വിഷയം ഉന്നയിക്കപ്പെട്ടു. ഇതേ പദ്ധതി നടപ്പിലാക്കിയപ്പോൾ കുറ്റപ്പെടുത്തിയവർ തന്നെ നല്ലതാണെന്ന് തിരുത്തിയെഴുതി" അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രോൺ ഉപയോഗിച്ചായിരുന്നു മോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്ക് ഐ.ഇ.സി.സി വേദിയാകും. യുഎസ്, യുകെ, ചൈന തുടങ്ങി 20 രാജ്യങ്ങളുടെ തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കും. ക്യാബിനറ്റ് മന്ത്രിമാർ, വ്യവസായ മേധാവികൾ, സിനിമാ രംഗത്തെ പ്രമുഖർ തുടങ്ങി മൂവായിരത്തോളം അതിഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

