ആർ.എസ്.എസിന്‍റെ 100ാം വാർഷികത്തോടനുബന്ധിച്ച് 100 രൂപാ നാണയവും സ്റ്റാമ്പും പുറത്തിറക്കി മോദി
text_fieldsആർ.എസ്.എസിന്‍റെ 100ാം വാർഷിക ദിനത്തിൽ പ്രത്യേക 100 രൂപ നാണയവും സ്പെഷൽ പോസ്റ്റേജ് സ്റ്റാമ്പും പുറത്തിറക്കി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ ഡോക്ടർ അംബേദ്കർ ഇന്‍റർനാഷണൽ സെന്‍ററിൽ ആർ.എസ്.എസിന്‍റെ ആഘോഷ ചടങ്ങിലാണ് ഇവ പുറത്തിറക്കിയത്. സ്വാതന്ത്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഭാരത് മാതയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ അച്ചടിച്ചു വരുന്നത്.
ദേശീയ മുദ്രക്കൊപ്പം 'നാഷൻ ഫോർ ദി ഫസ്റ്റ്, ദിസ് ഈസ് ഫോർ നാഷൻ, നോട്ട് ഫോർ മി' എന്ന വാക്യമാണ് നാണയത്തിന്‍റെ മുൻവശത്ത് നൽകിയിട്ടുള്ളത്. പിൻ വശത്താണ് വരദ മുദ്ര കാട്ടി സിംഹത്തോടൊപ്പം നിൽക്കുന്ന ഭാരത് മാതയുടെ ചിത്രമുള്ളത്. 1963ലെ റിപബ്ലിക് ദിന പരേഡിൽ സംഘ് കേഡർ പങ്കെടുത്തതിനെ അനുസ്മരിക്കുന്നതിനാണ് പോസ്റ്റേജ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഒപ്പം പ്രകൃതി ദുരന്തങ്ങളിൽ ആർ.എസ്.എസിന്‍റെ പങ്കും ഇത് ഉയർത്തിക്കാട്ടുന്നുണ്ട്.
ആർ.എസ്.എസിന്‍റെ പൈതൃകം സ്മരിച്ച പ്രധാനമന്ത്രി തങ്ങൾ നന്മയും തിൻമയും ഒരു പോലെ അംഗീകരിച്ച് സമൂഹത്തിന്‍റെ ഭാഗമായി നിന്നതിനാൽ ഇതുവരെ പ്രതികാരത്തോടെ പ്രവർത്തിച്ചിട്ടില്ലെന്ന് പറഞ്ഞു. പ്രളയമോ, കൊടുങ്കാറ്റോ ഭൂകമ്പമോ ഏത് സാഹചര്യത്തിലും ആദ്യം പ്രതികരിക്കുന്നത് ആർ.എസ്.എസ് ആണെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് ശാഖകൾ പ്രചോദനത്തിന്‍റെ ഇടമാണെന്നും ഞാനിൽ നിന്ന് ഞങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണെന്നും മോദി കൂട്ടിച്ചേർത്തു.
വിജയ ദശമി വെറുമൊരാഘോഷമല്ലെന്നും രാഷ്ട്ര നിർമാണത്തിലെ ഒരു നൂറ്റാണ്ട് നീണ്ട ജൈത്ര യാത്രയുടെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനകളും വെല്ലുവിളികളും ഒക്കെ ഉണ്ടായിട്ടും ആർ.എസ്.എസ് ഇപ്പോഴും നിലനിൽക്കുന്നത് അതിന്‍റെ വേരുകൾ ഇപ്പോഴും സമൂഹത്തിൽ ആഴ്ന്നുകിടക്കുന്നത് കൊണ്ടാണെന്ന് മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

