പാറ്റയാകാൻ മോദിയും രാഹുലും: ബി.ജെ.പി സർക്കാറും, കോൺഗ്രസും ജെൻ സി കളത്തിലേക്കിറങ്ങുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയെ കീഴ്മേൽ മറിച്ച വിദ്യാർഥി മുന്നേറ്റത്തിൽ തങ്ങൾക്കേറ്റ തിരിച്ചടി മറികടക്കാൻ വഴിതിരഞ്ഞ് കേന്ദ്ര സർക്കാറും പുതുതലമുറയുടെ രാഷ്ട്രീയ തിരിച്ചറിവിനെ തങ്ങൾക്കനുകൂലമാക്കാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസും കളത്തിലിറങ്ങുന്നു.
ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി തുടക്കമിട്ട വിദ്യാർഥി മുന്നേറ്റം രാജ്യമൊന്നാകെ കത്തിപ്പടർന്ന സാമൂഹിക സാഹചര്യത്തെ മറികടക്കുകയെന്ന ലക്ഷ്യത്തിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രാജ്യവ്യാപകമായി ജെൻ സികളിലേക്കിറങ്ങുന്നു. ‘ജെൻ സി’കളുമായി സംവദിക്കാൻ ഓരോ ദിവസവും ഓരോ സർവകലാശാലകളിലേക്ക് ഓരോ കേന്ദ്രമന്ത്രിമാരെ അയക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
ചോദ്യപേപ്പർ ചോർച്ചക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാല് നഗരങ്ങളിൽ ഇതിനകം നടത്തിയ ‘ഛാത്രോം കീ ഗൂഞ്ച്’ രാജ്യത്തെ 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയും തീരുമാനിച്ചു.
മോദി സർക്കാറിന്റെ പരിപാടി ‘ഒരു ദിനം, ഒരു സർവകലാശാല’
തന്റെ സർക്കാറിനെ ‘ജെൻ സി’കളുമായി അടുപ്പിക്കാനുള്ള നിർണായക നീക്കമെന്ന നിലക്ക് അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയാനും സംവദിക്കാനും ഓരോ കേന്ദ്ര മന്ത്രിയെയും ഓരോ സർവകലാശാലയിലേക്കും അയക്കാനാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. രാജ്യം അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ അവരുടെ കാഴ്ചപ്പാടുകൾ എന്താണെന്നറിയാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര മന്ത്രിസഭയിൽ പ്രധാനമന്ത്രി അവതരിപ്പിച്ച പരിപാടി.
‘ഒരു ദിനം ഒരു സർവകലാശാല’ എന്ന് പേരിട്ട പരിപാടിക്കായി ഓരോ കേന്ദ്രമന്ത്രിക്കും ഒരു സർവകലാശാല നിർണയിച്ചുനൽകും. വ്യത്യസ്ത വിഷയങ്ങളിൽ അവരുടെ കാഴ്ചപ്പാട് കേൾക്കുന്നതിനൊപ്പം മോദി സർക്കാറിന്റെ ക്ഷേമ പദ്ധതികൾ, വിശേഷിച്ചും വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമുള്ള പദ്ധതികൾ അവരോട് വിശദീകരിക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്കും കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യക്കുമാണ് പരിപാടിയുടെ ഏകോപന ചുമതല. യു.ജി.സി കണക്ക് പ്രകാരം 57 കേന്ദ്ര സർവകലാശാലകൾ അടക്കം 1300 സർവകലാശാലകളാണ് രാജ്യത്തുള്ളത്. കൂടാതെ ഓരോ കേന്ദ്ര മന്ത്രിമാരുടെയും സമൂഹ മാധ്യമ പ്രകടനം വിലയിരുത്തിയ പ്രധാനമന്ത്രി, ജെൻ സിയെ ലക്ഷ്യമിട്ട് കൂടുതൽ സജീവമാകാൻ നിർദേശം നൽകുകയും ചെയ്തു.
രാഹുലിന്റെ ‘ഛാത്രോം കീ ഗൂഞ്ച്’
ഇതിനകം നടത്തിയ ഏതാനും നഗരങ്ങളിൽ വൻ വിദ്യാർഥി പങ്കാളിത്തത്തിലൂടെ ശ്രദ്ധേയമായി മാറിയ, ജെൻ സികളിലേക്കിറങ്ങിയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കീ ഗൂഞ്ച്’ വിജയമാണെന്ന് വിലയിരുത്തിയാണ് കോൺഗ്രസ് പ്രവർത്തക സമിതി 800 നഗരങ്ങളിൽ കൂടി നടത്താൻ തീരുമാനിച്ചത്.
രാജസ്ഥാനിലെ കോട്ട, ഉത്തരാഖണ്ഡിലെ ഡറാഡൂൺ, ഉത്തർപ്രദേശിലെ പ്രയാഗ് രാജ് എന്നിവിടങ്ങളിൽ നടത്തിയതുപോലെ രാജ്യത്തെ ചെറു, മധ്യ നഗരങ്ങളിലും അരങ്ങേറുന്ന പരിപാടികളിൽ കഴിയാവുന്നിടത്തോളം രാഹുൽ ഗാന്ധി പങ്കെടുക്കും. കൂടാതെ ഓരോ സംസ്ഥാനത്തും വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാർക്കാനുള്ള സമഗ്ര പദ്ധതി തയാറാക്കി സമർപ്പിക്കാൻ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും പ്രവർത്തക സമിതി നിർദേശം നൽകി.
വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരം സർജിക്കൽ സട്രൈക്കായിരുന്നുവെന്ന് സമിതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

