‘ലോക നേതാക്കളുമായി കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാനും വിശ്വഗുരുവായി സ്വയം പ്രദർശിപ്പിക്കാനും ഉള്ള അവസരങ്ങൾ നഷ്ടപ്പെടുന്നു’; ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാത്ത മോദിയെ പരിഹസിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാലാലംപൂരിലേക്ക് പോകില്ലെന്ന റിപ്പോർട്ടിനു പിന്നാലെ പരിഹാസവുമായി കോൺഗ്രസ്. ‘ദിവസങ്ങളായി ഊഹാപോഹങ്ങൾ തുടരുകയാണ്. മിസ്റ്റർ മോദി ഉച്ചകോടിക്ക് ക്വാലാലംപൂരിലേക്ക് പോകുമോ ഇല്ലയോ എന്നതിൽ. പ്രധാനമന്ത്രി പോകില്ലെന്ന് ഇപ്പോൾ ഉറപ്പായി. ലോക നേതാക്കളുമായി കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാനോ സ്വയം വിശേഷിപ്പിച്ച വിശ്വഗുരുവായി പ്രദർശിപ്പിക്കാനോ ഉള്ള നിരവധി അവസരങ്ങൾ നഷ്ടപ്പെടുന്നു എന്നാണ് ഇതിനർത്ഥം’- എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ‘എക്സി’ൽ എഴുതി. മോദിയും സുഹൃത്ത് ട്രംപും തമ്മിലുള്ള ബന്ധത്തിന്റെ നിലവിലെ അവസ്ഥയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മിസ്റ്റർ മോദി പോകാത്തതിന്റെ കാരണം ലളിതമാണ്. യു.എസ് പ്രസിഡന്റ് ട്രംപും അവിടെ ഉണ്ടാകുമെന്നതിനാൽ അദ്ദേഹം അവിടെ ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഈജിപ്തിൽ നടന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണവും അദ്ദേഹം നിരസിച്ചു. അതും ഈ കാരണത്താലാണ്’.
‘സോഷ്യൽ മീഡിയയിൽ പ്രസിഡന്റ് ട്രംപിനെ പ്രശംസിച്ചുകൊണ്ട് സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്നത് ഒരു കാര്യമാണ്. എന്നാൽ, 53 തവണ ഓപറേഷൻ സിന്ദൂർ നിർത്തിയെന്നും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആവർത്തിച്ച് അവകാശപ്പെട്ട വ്യക്തിയുമായി ശാരീരികമായ സാമീപ്യം മറ്റൊരു കാര്യമാണ്. അത് അദ്ദേഹത്തിന് വളരെ അപകടകരമാണ്’- ട്രംപിന്റെ രണ്ട് വിഡിയോ ക്ലിപ്പുകൾ പോസ്റ്റ് ചെയ്തുകൊണ്ട് രമേശ് എഴുതി. ഈ അവകാശ വാദങ്ങൾ വീണ്ടും ട്രംപ് ഉന്നയിച്ചാൽ അതിന് മറുപടി പറയാൻ മോദിക്കുമേൽ സമ്മർദമേറും എന്നതിനാലാണ് വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച രാത്രി വൈകി ഒരു ഫോൺ കോളിൽ, ആസിയാനിൽ താൻ പങ്കെടുക്കില്ലെന്ന തീരുമാനം മോദി അറിയിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. ക്വാലാലംപൂർ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയും യു.എസും ദീർഘകാലമായി വൈകിയ വ്യാപാര കരാർ അന്തിമമാക്കാൻ ഒരുങ്ങുകയാണെന്നും ആസിയാൻ ഉച്ചകോടിയിൽ അത് പ്രഖ്യാപിക്കുമെന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. അതിന് മങ്ങലേൽപ്പിക്കുന്നതാണ് വ്യാഴാഴ്ചത്തെ സംഭവവികാസങ്ങൾ.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ കയറ്റുമതിയിൽ ഉയർന്ന തീരുവ ചുമത്തിയതുമുതൽ യു. എസും ഇന്ത്യയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നു. ഇന്ത്യ റഷ്യയിൽനിന്ന് കുറഞ്ഞ വിലക്ക് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്നത് ചൂണ്ടിക്കാട്ടിയാണിത്.
ഈ ആഴ്ച ആദ്യം, മോദിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചതായി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ‘ഞങ്ങൾ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. പ്രധാനമായും ലോകവ്യാപാരത്തെക്കുറിച്ചാണെന്നും’ ട്രംപ് പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കുമെന്ന് മോദി തനിക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും താൻ ആഗ്രഹിക്കുന്നതുപോലെ ആ യുദ്ധം അവസാനിക്കുന്നത് കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിനെ ട്രംപ് ആവർത്തിച്ച് വിമർശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള താരിഫ് ഇളവ് ആ വാങ്ങലുകൾ കുറക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെ ആശ്രയിച്ചിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

