മോദിയുമായി കൂടിക്കാഴ്ച നടത്തി ദുബൈ കിരീടാവകാശി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സ്ഥിരീകരിക്കുന്നതായിരുന്നു കൂടിക്കാഴ്ചയെന്ന് ശൈഖ് ഹംദാൻ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ചൊവ്വാഴ്ച രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ശൈഖ് ഹംദാനെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത അദ്ദേഹം വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ച മുംബൈ സന്ദർശിക്കും. അതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. കഴിഞ്ഞവർഷം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ‘വൈബ്രന്റ് ഗുജറാത്ത്’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തൊട്ടുപിന്നാലെ കഴിഞ്ഞ സെപ്റ്റംബറിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനും ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ തുടർച്ചയാണ് ശൈഖ് ഹംദാന്റെ സന്ദർശനം.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് സി.ഇ.ഒയും ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം, കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, കായികമന്ത്രി ഡോ. അഹ്മദ് ബൽഹൂൽ അൽ ഫലാസി, സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൂക്ക് അൽ മർറി, വിദേശകാര്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് വകുപ്പ് സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ശൈഖ് ഹംദാനൊപ്പമുണ്ട്. കൂടാതെ നിരവധി ഉന്നത ഉദ്യോഗസ്ഥരും വ്യത്യസ്ത സാമ്പത്തിക മേഖലകളെ പ്രതിനിധീകരിക്കുന്നവരും അദ്ദേഹത്തെ അനുഗമിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

