മോദിയും കെജ്രിവാളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ, ഇരുവരും വന്നത് ആർ.എസ്.എസ് ആശയത്തിന്റെ പിൻബലത്തിൽ -അസദുദ്ദീൻ ഉവൈസി
text_fieldsഅസദുദ്ദീൻ ഉവൈസി, നരേന്ദ്ര മോദി, അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആം ആദ്മി പാർട്ടി (എ.എ.പി) കൺവീനർ അരവിന്ദ് കെജ്രിവാളും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. മോദിയും കെജ്രിവാളും സഹോദരങ്ങളെ പോലെയാണെന്നും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഉവൈസി വിമർശിച്ചു. ഓഖലയിൽനിന്ന് മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥി ശിഫാ ഉർ റഹ്മാന്റെ പ്രചാരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“മോദിയും കെജ്രിവാളും സഹോദരങ്ങളെ പോലെയാണ്, ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ. ഇരുവരും ഉയർന്നു വന്നത് ആർ.എസ്.എസ് ആശയങ്ങളുടെ പിൻബലത്തോടെയാണ്, ഒരാൾ ശാഖയിൽനിന്നും മറ്റൊരാൾ അതിന്റെ സ്ഥാപനങ്ങളിൽനിന്നും. ശിഫാ ഉർ റഹ്മാനും താഹിർ ഹുസൈനും ജയിലിൽ കഴിയുമ്പോൾ, മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിന് ജാമ്യം കിട്ടിയത് എങ്ങനെയാണ്?
സിസോദിയയും സഞ്ജയ് സിങ്ങും ഉൾപ്പെടെയുള്ള എ.എ.പി നേതാക്കൾ പുറത്തിറങ്ങിയപ്പോഴും ശിഫാ ഉർ റഹ്മാനും താഹിർ ഹുസൈനും ജയിലിൽ തുടരുകയാണ്. എന്താണ് അവർ ചെയ്ത തെറ്റ്? ഇവിടെ ഞാനെത്തിയപ്പോൾ പുഷ്പ വർഷത്തോടെയാണ് ആളുകൾ സ്വീകരിച്ചത്. എന്നാൽ കെജ്രിവാൾ വന്നാൽ ചെരിപ്പൂരി എറിയും” -ഉവൈസി പറഞ്ഞു. മണ്ഡലത്തിൽ ബി.ജെ.പിക്ക് യാതൊരു ജയസാധ്യതയും ഇല്ലെന്നും ഉവൈസി കൂട്ടിച്ചേർത്തു.
എ.ഐ.എം.ഐ.എം രണ്ട് സ്ഥാനാർഥികളെയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ശിഫാ ഉർ റഹ്മാന് പുറമെ മുസ്തഫബാദിൽനിന്ന് താഹിർ ഹുസൈനും മത്സരിക്കുന്നുണ്ട്. ഇരുവരും 2020ലെ ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. ജയിലിലടക്കപ്പെടുമ്പോൾ താഹിർ ഹുസൈൻ എ.എ.പിയിൽനിന്നുള്ള കൗൺസിലറായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് എ.ഐ.എം.ഐ.എമ്മിൽ ചേർന്നത്. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. എട്ടിന് ഫലം പ്രഖ്യാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.