Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലെ വ്യാജ...

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെ കുടുക്കാൻ സി.ബി.ഐ സമ്മർദം ചെലുത്തി -അവകാശവാദവുമായി അമിത് ഷാ

text_fields
bookmark_border
ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെ കുടുക്കാൻ സി.ബി.ഐ സമ്മർദം ചെലുത്തി -അവകാശവാദവുമായി അമിത് ഷാ
cancel

ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്ത്, ഗുജറാത്തിലെ സുഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുക്കാൻ പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെളിപ്പെടുത്തൽ. കേസിൽ തന്നെ ചോദ്യം ചെയ്തപ്പോൾ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പേരു പറയാന്‍ സി.ബി.ഐ സമ്മർദം ചെലുത്തിയതായാണ് അമിത് ഷായുടെ അവകാശ വാദം. മോദിയെ കേസില്‍ കുടുക്കാന്‍ സി.ബി.ഐ തീവ്ര ശ്രമം നടത്തിയെന്നും അതിന്റെ പേരിൽ ബി.ജെ.പി ബഹളമൊന്നുമുണ്ടാക്കിയില്ലെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അമിത് ഷാ. സുഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെ കുടുക്കാനാണ് സി.ബി.ഐ ശ്രമം നടത്തിയതെന്നാണ് അമിത് ഷാ പറയുന്നത്.

''അന്വേഷണ ഏജൻസികളെ എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. ഞാനതിന്റെ ഇരയാണ്. കോൺഗ്രസ് ഞങ്ങൾക്കെതിരെ ഒരു അഴിമതിക്കേസും ഫയൽ ചെയ്തിരുന്നില്ല. ഞാൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ഒരു ഏറ്റുമുട്ടൽ കേസ് നടക്കുന്നത്. അതിന്റെ പേരിൽ എനിക്കെതിരെ കേസെടുക്കുകയും സി.ബി.ഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചോദ്യം ചെയ്യലിനിടെ, നരേന്ദ്രമോദിയുടെ പേര് പറയുകയാണെങ്കിൽ എന്നെ വിട്ടയക്കാമെന്ന് സി.ബി.ഐ പറഞ്ഞു. അന്നതിന്റെ പേരിൽ ഞങ്ങൾ പ്രതിഷേധിക്കുകയോ കറുത്ത വസ്ത്രം ധരി​ച്ചെത്തി പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയോ ചെയ്തില്ല. മോദിക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക വ​രെ ചെയ്തു. അതാണ് പിന്നീട് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.''-അമിത് ഷാ പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ ഒരിക്കൽ പോലും താൻ മോദിയുടെ പേര് പറഞ്ഞിട്ടില്ലെന്നും അമിത് ഷാ ആവർത്തിച്ചു. ഇന്ന് അതേ വിധിയാണ് കോൺഗ്രസിന് വന്നിരിക്കുന്നത്. വിവിധ കേസുകളിൽ ഉൾപ്പെട്ട് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതിന്റെ പേരിൽ ജനപ്രതിനിധി സ്ഥാനം നഷ്ടമാകുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല രാഹുൽ ഗാന്ധിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇതിന്റെ പേരിൽ ഇത്രമാത്രം ബഹളം വയ്ക്കാനും പ്രതിഷേധിക്കാനും യാതൊന്നുമില്ല. പാർട്ടി പ്രവർത്തകരെയും നേതാക്കളെയും തെരുവിലിറക്കുന്നതിനു പകരം, കീഴ്ക്കോടതി വിധിക്കെതിരെ മേൽക്കോടതികളെ സമീപിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടത്. അതിനു പകരം ലോക്സഭാംഗത്വം നഷ്ടമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഴിചാരാനാണ് രാഹുലിന് വ്യഗ്രതയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

സുഹ്‌റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, സഹായി തുളസി റാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മറച്ചുവെച്ചുവെന്നാരോപിക്കുന്ന കേസിലാണ് ഗുജറാത്തിലെ അന്നത്തെ മോദി സർക്കാർ പ്രതിക്കൂട്ടിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahUPA government Narendra ModiCBI
News Summary - Modi ka naam de do Amit Shah reveals how CBI pressured him
Next Story