പ്രസംഗം 30 മിനിറ്റ്, കോൺഗ്രസിനെ പറഞ്ഞത് 59 തവണ; മോദിജിയുടെ മുൻഗണന വനിതകൾക്കല്ല -പരിഹാസവുമായി ഖാർഗെ
text_fieldsന്യൂഡല്‍ഹി: ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്‍റെ ഉദ്ദേശ ശുദ്ധിയെ ചോദ്യംചെയ്തും പരിഹസിച്ചും കോൺഗ്രസ്. 30 മിനിറ്റ് നീണ്ട പ്രസംഗത്തിൽ 59 തവണ കോൺഗ്രസിനെ പരാമർശിച്ച മോദിജി സ്ത്രീകളെക്കുറിച്ച് വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരിഹസിച്ചു. രാജ്യത്തെ സ്ത്രീകൾക്കല്ല,
കോൺഗ്രസിനെ തകർക്കുന്നതിനാന്‍റ് ബി.ജെ.പിയുടെ മുൻഗണനയെന്നും ഖാർഗെ ആരോപിച്ചു. 12 വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് കാണിച്ചുകൊടുക്കാൻ നേട്ടങ്ങളൊന്നുമില്ലാത്തതിനാൽ പ്രധാനമന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ഖാർഗെ എക്സിൽ കുറിച്ചു.
'മോദിജി കോൺഗ്രസിനെ 59 തവണ പരാമർശിച്ചു, സ്ത്രീകളെ വളരെ കുറച്ച് മാത്രമേ പരാമർശിച്ചിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ മുൻഗണനകളെക്കുറിച്ച് രാജ്യത്തോട് എല്ലാം പറയുന്നുണ്ട്'- ഖാർഗെ എക്സിൽ കുറിച്ചു. 'സ്ത്രീകൾക്ക് ബി.ജെ.പി മുൻഗണന നൽകുന്നില്ല. കോൺഗ്രസ് ആണ്, കാരണം കോൺഗ്രസ് ചരിത്രത്തിന്റെ വലതുവശത്താണ് നിൽക്കുന്നത്' ഖാർഗെ എസ്കിൽ എഴുതി.
രണ്ട് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രി ഔദ്യോഗിക സംവിധാനങ്ങളെ രാഷ്ട്രീയ പ്രചരണത്തിനായി ദുരുപയോഗം ചെയ്തെന്നും കോൺഗ്രസ് ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ നടപടി ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടേത് കോൺഗ്രസിനെ അധിക്ഷേപിക്കാനുള്ള പ്രസംഗം മാത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രസംഗം ദേശീയ ആശയവിനിമയത്തിന്‍റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും രംഗത്തെത്തി.
ഭരണഘടന (131-ാം ഭേദഗതി) ബിൽ, 2026, ലോക്‌സഭയിലെ വോട്ടെടുപ്പിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാതെ പരാജയപ്പെട്ടിരുന്നു. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനായി സഭയുടെ സീറ്റുകളുടെ എണ്ണം 543 ൽ നിന്ന് 850 ആയി വർധിപ്പിക്കുന്നതായിരുന്നു നിർദേശം. സർക്കാരിന് അനുകൂലമായി 298 വോട്ടുകൾ ലഭിച്ചപ്പോൾ, പ്രതിപക്ഷത്തെ 230 എം.പിമാർ എതിർത്തു. ഇതോടെ ബിൽ പരാജയപ്പെടുയായിരുന്നു. പ്രതിപക്ഷം സ്ത്രീ സ്വപ്നങ്ങളെ തകര്‍ത്തു എന്നായിരുന്നു ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി ആരോപിച്ചിരുന്നത്.
എന്നാൽ കോൺഗ്രസ് വനിതാ സംവരണത്തെ സ്ഥിരമായി പിന്തുണച്ചിട്ടുണ്ടെന്ന് ഖാർഗെ അവകാശപ്പെട്ടു. 2010 ൽ രാജ്യസഭയിൽ വനിതാ സംവരണ ബിൽ പാസാക്കുന്നത് കോൺഗ്രസ് ഉറപ്പാക്കിയതായും 2023 ലെ നിയമനിർമ്മാണത്തെ പിന്തുണച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി സ്വന്തം ബിൽ വിജ്ഞാപനം ചെയ്യാൻ മൂന്ന് വർഷമെടുത്തു എന്നത് ഇന്ത്യയുടെ നാരി ശക്തിയോടുള്ള അവരുടെ പ്രതിബദ്ധത കാണിക്കുന്നതാണ്. "മോദി ജി രാജ്യത്തോട് കള്ളം പറയുന്നത് നിർത്തണം,-അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

