‘മോദി ജീ, ഒഡിഷയിലായാലും മണിപ്പൂരിലായാലും രാജ്യത്തിന്റെ പെൺമക്കൾ കത്തിക്കൊണ്ടിരിക്കുകയാണ്’; കോളജ് വിദ്യാർഥിനിയുടെ മരണം ബി.ജെ.പി സംവിധാനത്തിന്റെ സംഘടിത കൊലയെന്നും രാഹുൽ
text_fieldsഭുവനേശ്വർ: ഒഡിഷയിൽ കോളജ് വിദ്യാർഥിനി തീകൊളുത്തി മരിച്ച സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുനേരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നും വ്യവസ്ഥിതി നടത്തിയ സംഘടിത കൊലപാതകമാണെന്നും രാഹുൽ അവകാശപ്പെട്ടു. സംരക്ഷിക്കേണ്ടവർ തന്നെ തകർത്തു എന്നും രാഹുൽ ആരോപിച്ചു.
‘മോദി ജീ, ഒഡിഷയിലായാലും മണിപ്പൂരിലായാലും രാജ്യത്തിന്റെ പെൺമക്കൾ കത്തിക്കൊണ്ടിരിക്കുകയാണ്, തകർന്നുകൊണ്ടിരിക്കുകയാണ്. മരിച്ചുവീഴുകയാണ്. എന്നിട്ടും താങ്കൾ നിശബ്ദത പാലിക്കുന്നു. രാജ്യത്തിന് നിങ്ങളുടെ നിശബ്ദത ആവശ്യമില്ല. വേണ്ടത് ഉത്തരങ്ങളാണ്. ഇന്ത്യയുടെ പെൺമക്കൾക്ക് സുരക്ഷയും നീതിയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒഡിഷയിൽ നീതിക്കുവേണ്ടി പോരാടിയ ഒരു പെൺകുട്ടിയുടെ മരണം ബി.ജെ.പിയുടെ സംവിധാനം നടത്തിയ കൊലപാതകത്തിൽ കുറഞ്ഞതല്ല. ലൈംഗിക പീഡനത്തിനെതിരെ ആ ധീര വിദ്യാർഥി ശബ്ദമുയർത്തി. എന്നാൽ, നീതി ലഭ്യമാക്കുന്നതിനുപകരം അവരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം ‘എക്‌സി’ലെ പോസ്റ്റിൽ ആരോപിച്ചു. ‘അവളെ സംരക്ഷിക്കേണ്ടവർ തന്നെ അവളെ തകർക്കുന്നത് തുടർന്നു. എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ ബി.ജെ.പിയുടെ സംവിധാനം പ്രതിയെ സംരക്ഷിക്കുന്നത് തുടരുകയും നിരപരാധിയായ ഒരു പെൺകുട്ടിയെ സ്വയം തീകൊളുത്താൻ നിർബന്ധിക്കുകയും ചെയ്തു’വെന്നും അദ്ദേഹം കുറിച്ചു.
ബാലസോറിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർഥിനി മൂന്നു ദിവസമായി ജീവനുവേണ്ടി പോരാടിയ ശേഷം തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ഒരു പ്രഫസർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച കാമ്പസിൽവെച്ച് തീകൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ പെണകുട്ടി ഭുവനേശ്വറിലെ എയിംസിൽവെച്ച് അന്ത്യശ്വാസം വലിച്ചു.
കേസ് അന്വേഷിക്കാൻ ഒഡിഷ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. വകുപ്പ് മേധാവി സമീറ കുമാർ സാഹുവിനെ അറസ്റ്റ് ചെയ്യുകയും പ്രിൻസിപ്പൽ ദിലീപ് ഘോഷിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
ബി.ജെ.ഡി നേതാവും ഒഡിഷ മുൻ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക് വിദ്യാർഥിനിയുടെ മരണത്തെ ‘സ്ഥാപനരമായ വഞ്ചന’ എന്നാണ് വിശേഷിപ്പിച്ചത്. താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് വിദ്യാർഥിനി കോളജ് പ്രിൻസിപ്പലിനെ അറിയിച്ചെങ്കിലും അവർ അവഗണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
നീതി തേടി ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഒരു കേന്ദ്ര മന്ത്രിയെയും പെൺകുട്ടി സമീപിച്ചതായും ബാലസോർ എം.പിയെ കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരിൽ ഒരാളെങ്കിലും ഇടപെട്ടിരുന്നെങ്കിൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പട്‌നായിക് പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ അവഗണന മൂലമാണ് വിദ്യാർഥിനിക്ക് ജീവൻ നഷ്ടപ്പെട്ടത്. അതാണ് അവരെ ഈ സമരത്തിൽ ഒറ്റപ്പെടുത്തിയത്. ഇത് ആസൂത്രിതമായ അനീതി വെളിപ്പെടുത്തിയെന്നും സ്ഥാപനപരമായ വഞ്ചനയിൽ കുറഞ്ഞതല്ല അതെന്നും അദ്ദേഹം വാദിച്ചു.
സംഭവത്തെ അപലപിച്ചും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷം വരുന്ന 17ന് ഒഡിഷയിൽ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

