മോദി ബിഹാറിൽ വിദ്വേഷം ആളിക്കത്തിക്കുന്നു; പ്രധാനമന്ത്രി ഓഫിസിന്റെ അന്തസ്സ് മറക്കുന്നു -സ്റ്റാലിൻ
text_fieldsചെന്നൈ: പ്രധാനമന്ത്രിയുടെ വിഭജനപരമായ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബിഹാർ പ്രചാരണത്തിനിടെ മോദി ‘പ്രാദേശിക വിദ്വേഷം വളർത്തുന്നു’വെന്നും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ്സ് മറക്കുന്നുവെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു.
കഴിഞ്ഞ ദിവസം ബിഹാറിലെ ഛപ്രയിൽ നടന്ന റാലിയിൽ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തുകൊണ്ട്, ഇന്ത്യയിലെ എല്ലാ പൗരന്മാരെയും സേവിക്കാൻ ബാധ്യസ്ഥമായ ഒരു പദവി വഹിക്കുന്ന കാര്യം പ്രധാനമന്ത്രി പലപ്പോഴും മറന്നുപോവുന്നുവെന്ന് എന്ന് സ്റ്റാലിൻ പറഞ്ഞു.
‘ബഹുമുഖവും നാനാത്വത്തിൽ ഏകത്വം ദർശിക്കുന്നതുമായ ഈ മഹത്തായ രാജ്യത്ത് ഇത്തരം പ്രസംഗങ്ങളിലൂടെ അദ്ദേഹം തന്റെ പദവിയുടെ അന്തസ്സ് നഷ്ടപ്പെടുത്തരുതെന്ന് ഒരു തമിഴനെന്ന നിലയിൽ ഞാൻ വേദനയോടെ അഭ്യർഥിക്കുന്നു. ഹിന്ദുക്കൾക്കും മുസ്‍ലികൾക്കും ഇടയിൽ വിദ്വേഷം സൃഷ്ടിക്കുന്നതും തമിഴർക്കും ബിഹാറിലെ ജനങ്ങൾക്കും ഇടയിൽ ശത്രുത സൃഷ്ടിക്കുന്നതും ആയ നിസ്സാര രാഷ്ട്രീയ പ്രവർത്തനങ്ങൾ നിർത്തി പകരം രാജ്യത്തിന്റെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രിയെയും ബി.ജെ.പിയും ഞാൻ നിർബന്ധിക്കുന്നുവെന്നും’ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ബി.ജെ.പി തമിഴർക്കെതിരെ വെറുപ്പ് പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒഡിഷയിലും ബിഹാറിലും പാർട്ടിയുടെ വാചാടോപത്തെ അപലപിച്ചു. സ്വത്വം, കുടിയേറ്റം, തൊഴിൽ എന്നിവ ശക്തമായ പ്രചാരണ വിഷയങ്ങളായി നിലനിൽക്കുന്ന ബിഹാറിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ രോഷം വർധിക്കുന്നതിനിടെയാണ് സ്റ്റാലിന്റെ പ്രസ്താവന.
രാജ്യത്തുടനീളമുള്ള പ്രതിപക്ഷ സഖ്യത്തിലെ പാർട്ടികൾ ബിഹാറിൽ നിന്നുള്ള കുടിയേറ്റക്കാരോട് വിവേചനം കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു. പഞ്ചാബിലെ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഒരു റാലിക്കിടെ ബിഹാറിൽ നിന്നുള്ള ആളുകളെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചുവെന്നും, കർണാടകയിലെയും തെലങ്കാനയിലെയും കോൺഗ്രസ് നേതാക്കൾ ബിഹാറിൽ നിന്നുള്ള ആളുകളെ അപമാനിച്ചുവെന്നും മേദി ആരോപിച്ചു. സ്റ്റാലിന്റെ ഡി.എം.കെ തമിഴ്‌നാട്ടിലും അതുതന്നെ ചെയ്തുവെന്നും കൂട്ടിച്ചേർത്തു.
സ്വന്തം സംസ്ഥാനങ്ങളിലെ ബിഹാറികളെ അപമാനിച്ചതായി ആരോപിക്കപ്പെടുന്ന അതേ നേതാക്കളെയാണ് ഇപ്പോൾ പ്രതിപക്ഷ സഖ്യത്തിനുവേണ്ടി പ്രചാരണം നടത്താൻ ബിഹാറിലേക്ക് കൊണ്ടുവരുന്നതെന്നും മോദി പരിഹസിച്ചിരുന്നു. അതിന്റെ പിന്നാലയാണ് സ്റ്റാലിന്റെ രൂക്ഷമായ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

