ന്യൂഡൽഹി: ജനാധിപത്യത്തിന്‍റെ അർത്ഥം എന്താണെന്ന് പോലും മോദി സർക്കാറിന് അറിയില്ലെന്ന് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. കർഷകരുടെ വാക്കുകൾക്ക് വിലകൽപ്പിക്കാൻ പോലും കേന്ദ്രത്തിന് കഴിയുന്നില്ലെന്നും അവർ പറഞ്ഞു. രാജ്യത്തെ കർഷകർക്ക് പരിഷ്കാരങ്ങൾ ആവശ്യമില്ല. പിന്നെ കേന്ദ്ര സർക്കാറിൽ ആരാണ് പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്നും അവർ ചോദിച്ചു.
'ഡെമോക്രസി (ജനാധിപത്യം) ആരംഭിക്കുന്നത് 'ഡി' യിലാണ്, പക്ഷേ മോദി സർക്കാറിന് ജനാധിപത്യത്തിന്‍റെ ഡി എന്താണെന്ന് പോലും മനസ്സിലാകുന്നില്ല. ഈ സർക്കാരിന് ജനാധിപത്യത്തിന്‍റെ അർത്ഥം മനസ്സിലാകുന്നില്ല. പരിഷ്കാരം വേണ്ടെന്ന് കർഷകർ പറയുമ്പോൾ ആർക്കാണ് പരിഷ്കാരിക്കാൻ ഇത്ര ധൃതിയെന്നും ബൃന്ദ ചോദിച്ചു.
കാർഷിക വ്യാപാരം മുഴുവൻ ബഹുരാഷ്ട്ര കമ്പനികൾ ഏറ്റെടുക്കണമെന്ന് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു. അതിനാണ് അവർ വൻകിട കോർപ്പറേറ്റുകളുടെ ക്ഷേമത്തിനായി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നത്. ബി.ജെ.പി അവരുടെ യഥാർത്ഥ നിറം കാണിച്ചു. കർഷകരെ ഈ രീതിയിൽ അടിച്ചമർത്തുകയാണെങ്കിൽ രാജ്യത്തിന്‍റെ ഭാവി അവതാളത്തിലാണെന്നും അവർ പറഞ്ഞു.