‘സാമൂഹിക നീതിയിൽ മോദി സർക്കാർ പരാജയം, ദലിതരെയും ആദിവാസികളെയും ഉന്മൂലനം ചെയ്യാൻ ശ്രമം’; നന്ദിപ്രമേയ ചർച്ചയിൽ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: രാജ്യത്ത് സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിലും ദലിതരുടെയും പിന്നാക്കക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. അയോധ്യയിൽ ദലിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യു.പി സർക്കാറും പൊലീസും നിശ്ശബ്ദരാണ്. കുംഭമേളയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ചും വ്യക്തതയില്ല. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന് ആവർത്തിക്കുന്ന സർക്കാർ ആരുടെയൊപ്പം ആരൊക്കെ എന്ന് വ്യക്തമാക്കണമെന്നും ഖാർഗെ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
അദാനിയും അംബാനിയും അടങ്ങുന്ന മോദി സർക്കാറിന്റെ സുഹൃത്തുക്കൾക്കാണ് വികസനമുണ്ടാവുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം കർഷകരും യുവജനങ്ങളും ആത്മഹത്യ ചെയ്യുന്നു. 10 വർഷത്തിനിടെ ഒരുലക്ഷം കർഷകർ ആത്മഹത്യ ചെയ്തതായാണ് സർക്കാറിന്റെ തന്നെ കണക്കുകൾ. മോദിയുടെ ഭരണത്തിന് കീഴിൽ രൂപ വെന്റിലേറ്ററിലായിരിക്കുകയാണെന്നും ഖാർഗെ പറഞ്ഞു. മൻമോഹൻസിങ് സർക്കാറിന്റെ കാലത്ത് 7.8 ശതമാനം ആയിരുന്നു ജി.ഡി.പി വളർച്ചയെങ്കിൽ ഇന്ന് ബി.ജെ.പി സർക്കാറിന്റെ കാലത്ത് 5.8 ശതമാനമായി അത് ചുരുങ്ങി.
സാമ്പത്തിക വളർച്ചയില്ലാതെ എങ്ങനെയാണ് രാജ്യത്ത് തൊഴിൽ സൃഷ്ടിക്കുകയെന്ന് ഖാർഗെ ചോദിച്ചു. സർക്കാർ ജോലികളിൽത്തന്നെ 40 ലക്ഷം ഒഴിവുകൾ നിലവിലുണ്ടെന്നാണ് കരുതപ്പെടുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ നിയമനം തടസ്സപ്പെടുത്താൻ മനപ്പൂർവം നിയമനങ്ങൾ മരവിപ്പിക്കുന്നു. നാലുമാസത്തിനിടെ 12,000 സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളാണ് (എം.എസ്.എം.ഇ) അടച്ചുപൂട്ടിയത്.
രാജ്യത്ത് മനുസ്മൃതി പ്രാവർത്തികമാക്കുകയാണ്. ദലിതരെയും ആദിവാസികളെയും ഉന്മൂലനം ചെയ്യാൻ ശ്രമം നടക്കുന്നു. ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും 90 ശതമാനം നിയമനവും മുന്നാക്ക വിഭാഗങ്ങളിൽ നിന്നുമാണ്. വിവിധ സ്ഥാപനങ്ങളിലായി 130000 തൊഴിലവസരങ്ങളാണ് പട്ടികജാതി പട്ടികവർഗങ്ങൾക്ക് നിഷേധിക്കപ്പെടുന്നത്. എസ്.സി-എസ്.ടി വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ് നിർത്തലാക്കി.
ബേഠി പഠാവോ കൊട്ടിഘോഷിക്കുന്ന രാജ്യത്ത് 2015നുശേഷം 61,000ലധികം എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടി. ഉത്തർപ്രദേശിൽ മാത്രം 27,000 സ്കൂളുകൾ പൂട്ടാനുള്ള തയാറെടുപ്പിലാണ്. ഗവർണർമാരെ മാത്രം കേൾക്കുന്ന കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണ്. രാജ്യത്ത് 46 ശതമാനം ജോലികളിലും കരാർ നിയമനമാണ്. വൈസ് ചാൻസലർ നിയമനം അട്ടിമറിക്കാൻ യു.ജി.സി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി.
ലാറ്ററൽ എൻട്രിയുടെ പേരിൽ സംവരണമടക്കം മാനദണ്ഡങ്ങൾ അട്ടിമറിച്ച് നിയമനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യ സമരത്തിൽ ഒരുപങ്കുമില്ലാത്തവർ ദേശസ്നേഹികൾ ചമയുകയാണ്. ഗാന്ധിക്കൊപ്പം സവർക്കറെയും ഗോദ്സെയെയും പ്രതിഷ്ഠിക്കുകയാണെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് പറഞ്ഞു. മോദി സർക്കാർ നടപ്പാക്കുന്നതിൽ പരാജയപ്പെട്ട 11 വാഗ്ദാനങ്ങളും ഖാർഗെ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.