യോഗ്യരായ ഒരു വോട്ടറുടെയെങ്കിലും പേര് നീക്കം ചെയ്താൽ മോദി സർക്കാറിനെ താഴെയിറക്കും -മമത ബാനർജി
text_fieldsമമത ബാനർജി
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ (എസ്.ഐ.ആർ) ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമീഷനുമെതിരെ മുഖ്യമന്ത്രി മമത ബാനർജി ചൊവ്വാഴ്ച രൂക്ഷ വിമർശനം അഴിച്ചുവിട്ടു. സാധുവായ ഒരു വോട്ടറുടെ പേര് പോലും നീക്കില്ലെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകി. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് സാധുവായ ഒരു വോട്ടറുടെ പേര് പോലും നീക്കം ചെയ്താൽ നരേന്ദ്ര മോദി സർക്കാറിന്റെ പതനമായിരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. വോട്ടർമാർക്കായി ടി.എം.സി
സ്ഥാപിച്ച സഹായ ക്യാമ്പുകളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു, നിങ്ങൾക്ക് രേഖകൾ ഇല്ലെങ്കിൽ, ഞങ്ങളുടെ ക്യാമ്പുകളിലേക്ക് വരൂ. എന്ത് വില കൊടുത്തും ഞങ്ങൾ നിങ്ങളെ സഹായിക്കും. ആവശ്യമെങ്കിൽ, നിങ്ങളെ സഹായിക്കാൻ ഞങ്ങളുടെ വസ്തുവഹകൾ പോലും വിൽക്കും. ടി.എം.സി മേധാവി മമത ബാനർജിയും അനന്തിരവൻ അഭിഷേകും കൊൽക്കത്തയിൽ എസ്.ഐ.ആറിനെതിരെ പതിനായിരങ്ങളെ അണിനിരത്തി വലിയ മാർച്ച് നടത്തി. അന്നേ ദിവസം തന്നെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പരിഷ്കരണ പ്രക്രിയ ആരംഭിച്ചു.
പ്രതിഷേധ മാർച്ച് അവസാനിച്ച ശേഷം ജനങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എസ്‌ഐആറിനെ നിശ്ശബ്ദവും അദൃശ്യവുമായ കൃത്രിമത്വം എന്ന് വിളിച്ചു. നമ്മൾ നമ്മുടെ പോരാട്ടം തുടരണം കേന്ദ്ര ഏജൻസികളെ ഭയപ്പെടേണ്ട. ഇതെല്ലാം സംഭവിക്കുന്നത് തെരഞ്ഞെടുപ്പുകൾ മൂലമാണ്. ആവശ്യമെങ്കിൽ നിയമസഹായം തേടുക. മതുവകളോട് എനിക്ക് പറയാനുള്ളത്, ഭയപ്പെടേണ്ട, ഞാൻ ഇവിടെയുണ്ട്. നിങ്ങളെ നാടുകടത്താൻ അവർ ബലപ്രയോഗം നടത്തിയാൽ, മറ്റ് പലരും ബലപ്രയോഗം നേരിടേണ്ടിവരും. ന്യൂനപക്ഷങ്ങൾ വിഷമിക്കേണ്ടതില്ല.
ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു പട്ടികജാതി സമൂഹമാണ് മതുവ. എസ്.ഐ.ആർ പ്രക്രിയയുടെ തിടുക്കത്തിലുള്ള നടപ്പാക്കലിനെ ചോദ്യം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു, അവസാന എസ്.ഐ.ആർ നടത്തിയത് 2001 ലെ തെരഞ്ഞെടുപ്പിന് ശേഷമാണ്. 2002-2003ൽ ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. എസ്.ഐ.ആറിന് ശേഷം 2004 ൽ തെരഞ്ഞെടുപ്പ് നടന്നു. ഈ പ്രക്രിയ രണ്ടര വർഷം നീണ്ടു. ഇന്ന് എന്തിനാണ് ഇത്ര തിടുക്കം? യോഗ്യരായ ഒരു വോട്ടറുടെ പേരെങ്കിലും ഇല്ലാതായാൽ, ഞാൻ ബി.ജെ.പി സർക്കാറിനെ താഴെയിറക്കും. തെരഞ്ഞെടുപ്പ് നാലുസംസ്ഥാനങ്ങളിൽ നടക്കുന്നുണ്ട് പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, അസം. എന്തുകൊണ്ടാണ് ഡബ്ൾ എൻജിൻ സർക്കാറിന്റെ അസമൊഴികെ ബാക്കി മൂന്ന് പ്രതിപക്ഷസംസ്ഥാനങ്ങളിൽ മാത്രം എസ്.ഐ.ആർ നടപ്പാക്കുന്നത്. കള്ളവോട്ടുകൾ കൊണ്ട് മാത്രമാണ് ബി.ജെ.പി ജയിക്കുന്നതെന്നും മമത ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

