ലബനാനെ കത്തിക്കുമെന്ന ഇസ്രായേൽ മന്ത്രിയുടെ ഭീഷണി; മോദിയുടെ മൗനം രാജ്യത്തിന് ഹാനികരമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലബനാനെ പൂർണ്ണമായി കത്തിച്ചുചാമ്പലാക്കുമെന്ന ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയുടെ യുദ്ധഭീഷണിക്കെതിരെ മോദി സർക്കാർ പുലർത്തുന്ന നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇസ്രായേലിനോടുള്ള പ്രധാനമന്ത്രിയുടെ അന്ധമായ ഭക്തി രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. മോദി-അദാനി സാമ്രാജ്യത്തിന്റെ ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും അദ്ദേഹം എക്സിലൂടെ കുറ്റപ്പെടുത്തി.
ലോകം മുഴുവൻ ജാഗ്രതയോടെയും പ്രതീക്ഷയോടെയും നോക്കിക്കാണുന്ന യു.എസ്-ഇറാൻ സമാധാന ധാരണാപത്രം ഇപ്പോൾ കടുത്ത ഭീഷണി നേരിടുകയാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഈ സമാധാന നീക്കങ്ങൾക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് ഇസ്രായേലാണ്. ഇസ്രായേലിലെ ഉന്നത പദവിയിലിരിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ലബനാനെ മുഴുവൻ കത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും ഇന്ത്യൻ സർക്കാർ ഒരക്ഷരം പോലും മിണ്ടാത്തത് രാജ്യത്തിന്റെ അന്താരാഷ്ട്ര താല്പര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം വൻ യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ കടുത്ത വംശീയ പരാമർശം നടത്തിയത്. ലബനാനിലെ സൈനിക നീക്കങ്ങൾ അതിശക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുടെ പോസ്റ്റ്.
‘ഒരു ഇസ്രായേലി അമ്മയുടെ ഓരോ തുള്ളി കണ്ണീരിനും പകരം ആയിരം ലബനാനി അമ്മമാർ കരയണം. ലബനാൻ പൂർണമായി കത്തിയമരണം! അമേരിക്കക്കാരോട് എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ഞങ്ങളുടെ മക്കളുടെ ചോരക്കും പൗരന്മാരുടെ സുരക്ഷക്കും യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഇസ്രായേൽ ലോകത്തോട് വ്യക്തമാക്കണം. മിഡിൽ ഈസ്റ്റിൽ അളന്നുതൂക്കിയുള്ള പ്രതികരണങ്ങൾ കൊണ്ടോ ആത്മസംയമനം കൊണ്ടോ വിജയിക്കാനാകില്ല. അവിടെ ഭ്രാന്തമായി ആക്രമിക്കണം. ഭീകരതയെ പൂർണമായി തകർത്തുതരിപ്പണമാക്കണം.’ - ഇറ്റാമർ ബെൻ-ഗ്വീർ എക്സിൽ കുറിച്ചു.
ഇസ്രായേൽ മന്ത്രിയുടെ ഈ അത്യന്തം അപകടകരമായ പ്രസ്താവനക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിഷേധം ഉയരുമ്പോഴും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതാണ് കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കാൻ കോൺഗ്രസിന് വഴിതുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

