‘ഹിന്ദു രാഷ്ട്രം’, പശ്ചാത്തലത്തിൽ മോദി–ഗണപതി പ്രതിമകൾ; ബംഗാളിൽ രാഷ്ട്രീയ പോര്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ സംഘടിപ്പിച്ച ഗണേശോത്സവ പന്തലിൽ സ്ഥാപിച്ച മോദിയുടെ പ്രതിമ വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. നരേന്ദ്ര മോദിയുടെയും ഗണപതിയുടെയും പ്രതിമകൾ ഒരുമിച്ചിരുത്തി ചായ കുടിച്ചുകൊണ്ടുള്ള ചർച്ച നടത്തുന്ന രീതിയിലാണ് പന്തലിലെ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. പ്രതിമകൾക്ക് പിന്നിലായി 'ഹിന്ദു രാഷ്ട്രം' എന്ന് എഴുതിവെക്കുകയും ഇന്ത്യയുടെ ഭൂപടവും ഹിന്ദു പതാകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചക്കും വിവാദത്തിനും കാരണമായി. എന്നാൽ ഇത് തീർത്തും വ്യക്തിപരമായ ആശയമാണെന്നും, പിന്നിൽ രാഷ്ട്രീയ സ്വാധീനമില്ലെന്നും പൂജയുടെ മുഖ്യ സംഘാടകനായ ഖോകൻ കൻര പ്രതികരിച്ചു. പ്രധാനമന്ത്രിയെ രാജ്യത്തിന്റെ പ്രതീകമായും ഗണപതിയെ മതത്തിന്റെ പ്രതീകമായും കണ്ടാണ് താൻ ഇത് ചെയ്തതെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഖോകൻ കൻര കൂട്ടിച്ചേർത്തു.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസ്സും കടുത്ത വിമർശനവുമായി രംഗത്തെത്തി. അടുത്തിടെ ബിജെപിയിൽ ചേർന്ന ചിലർ സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ചെയ്യുന്ന ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലെന്ന് എംഎൽഎ അരൂപ് റോയ് പറഞ്ഞു. ബിജെപി നേതൃത്വം ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ തീമിൽ തെറ്റായോ ആക്ഷേപകരമായോ ഒന്നും തന്നെയില്ലെന്നാണ് ബിജെപിയുടെ നിലപാട്. ബംഗാളിൽ ദുർഗ്ഗാ പൂജക്കടക്കം പലതരത്തിലുള്ള വ്യത്യസ്തമായ തീമുകൾ സാധാരണയായി വരാറുണ്ടെന്ന് ഹൗറ ജില്ലാ ബിജെപി സെക്രട്ടറി ഓംപ്രകാശ് സിങ് പ്രതികരിച്ചു. എങ്കിലും വിഷയം ജില്ലാ നേതൃത്വം ചർച്ച ചെയ്യുമെന്നും ഓം പ്രകാശ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

