Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ വിദേശ...

മോദിയുടെ വിദേശ സന്ദർശനങ്ങൾക്ക് ചെലവായത് 557.51 കോടി; കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
മോദിയുടെ വിദേശ സന്ദർശനങ്ങൾക്ക് ചെലവായത് 557.51 കോടി; കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
cancel

ന്യൂഡൽഹി: 2021 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഔദ്യോഗിക വിദേശ സന്ദർശനങ്ങൾക്കായി 557.51 കോടി രൂപ ചെലവായതായി വിദേശകാര്യ മന്ത്രാലയം. എം.പിമാരായ സഞ്ജയ് സിംഗ്, ഡോ. വി. ശിവദാസൻ എന്നിവർ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രാലയം വിവരങ്ങൾ പുറത്തുവിട്ടത്. പ്രധാനമന്ത്രി 2021 മുതൽ നടത്തിയ വിദേശ സന്ദർശനങ്ങൾ, ഓരോ സന്ദർശനത്തിനും ചെലവായ തുക, സന്ദർശനങ്ങളുടെ ഭാഗമായി ഒപ്പുവെച്ച ഉഭയകക്ഷി കരാറുകൾ, നിക്ഷേപ വാഗ്ദാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് മറുപടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2021 മുതൽ ഇത് വരെ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക, പസഫിക് മേഖലകളിലെ നിരവധി രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. അതേസമയം, 2026 ജൂൺ 13 മുതൽ 18 വരെ നടന്ന ഫ്രാൻസ് സന്ദർശനത്തിന്റെ ചെലവ് ഇതുവരെ അന്തിമമായി കണക്കാക്കിയിട്ടില്ല. അതിനാൽ ആ തുക 557.51 കോടി രൂപയുടെ ആകെ ചെലവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 2026 ലെ മറ്റ് സന്ദർശനങ്ങളുടെ ചെലവും നിലവിൽ താൽകാലിക കണക്കുകളാണെന്നും ബില്ലുകൾ തീർപ്പാക്കിയ ശേഷം അന്തിമമാക്കുമെന്നും അറിയിച്ചു.

2025 ഫെബ്രുവരിയിലെ ഫ്രാൻസ് സന്ദർശനത്തിന് 25.59 കോടി രൂപയും അമേരിക്കയിൽ 2023 ൽ 22.90 കോടി രൂപയും 2021 ൽ 19.63 കോടി രൂപയും 2025 ജൂലൈയിലെ ബ്രസീൽ സന്ദർശനത്തിൽ 17.72 കോടി രൂപയും 2023 ലെ ജപ്പാൻ യാത്രക്ക് 17.19 കോടി രൂപയുമാണ് ചെലവ്. 2025 ൽ അമേരിക്ക യാത്രക്ക് 16.54 കോടി രൂപയും സൗദി അറേബ്യ സന്ദർശനത്തിന് 15.54 കോടി രൂപയുമാണ്. 2024 ലെ അമേരിക്ക സന്ദർശനത്തിന് 15.33 കോടി രൂപ ഇറ്റലി യാത്രക്ക് 14.36 കോടി രൂപ എന്നിങ്ങനെയാണ്. ഇവയാണ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ചെലവായ പ്രധാന വിദേശ സന്ദർശനങ്ങൾ.

സന്ദർശിച്ച രാജ്യം, യാത്രയുടെ ദൈർഘ്യം, സന്ദർശനത്തിന്റെ സ്വഭാവം എന്നിവയാണ് ചെലവിൽ വ്യത്യാസം വരാൻ പ്രധാന കാരണമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ വിദേശബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി, പ്രാദേശിക, ആഗോള സഹകരണം വർധിപ്പിക്കുന്നതിനും പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ നിർണായകമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാങ്കേതികവിദ്യ, നവീകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജ സഹകരണം, വിതരണ ശൃംഖല ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കാൻ ഇത്തരം സന്ദർശനങ്ങൾ സഹായിക്കുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത് വ്യക്തമാക്കുന്നതിനായി മുൻ വർഷങ്ങളിലെ സന്ദർശനങ്ങളുടെ ചെലവും മന്ത്രാലയം ഉദാഹരണമായി നൽകി. 2011ൽ അമേരിക്കൻ സന്ദർശനത്തിന് 10.74 കോടി രൂപയും ഫ്രാൻസ് സന്ദർശനത്തിന് 8.33 കോടി രൂപയും 2013 ൽ റഷ്യ സന്ദർശനത്തിന് 9.95 കോടി രൂപയും ജർമനി സന്ദർശനത്തിന് 6.02 കോടി രൂപയും ചെലവായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. പണപ്പെരുപ്പമോ നാണയമൂല്യത്തിലെ മാറ്റമോ പരിഗണിക്കാതെയുള്ള യഥാർഥ ചെലവുകളാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

2026 ൽ പ്രധാനമന്ത്രി മലേഷ്യ, ഇസ്രായേൽ, യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി, ഫ്രാൻസ്, സ്ലോവാക് റിപ്പബ്ലിക്, സെഷെൽസ്, ഇന്തോനേഷ്യ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങൾ സന്ദർശിച്ചു. 2025ൽ ഫ്രാൻസ്, അമേരിക്ക, മൗറീഷ്യസ്, തായ്‌ലൻഡ്, ശ്രീലങ്ക, സൗദി അറേബ്യ, സൈപ്രസ്, കാനഡ, ക്രൊയേഷ്യ, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ, യുണൈറ്റഡ് കിംഗ്ഡം, മാലിദ്വീപ്, ചൈന, ജപ്പാൻ, ഭൂട്ടാൻ, ദക്ഷിണാഫ്രിക്ക, ജോർഡൻ, ഒമാൻ, ഇത്യോപ്യ എന്നിവിടങ്ങളിലേക്ക് പ്രധാനമന്ത്രി സന്ദർശനം നടത്തി. 2024 ൽ യു.എ.ഇ, ഖത്തർ, ഭൂട്ടാൻ, ഇറ്റലി, റഷ്യ, ഓസ്ട്രിയ, പോളണ്ട്, ഉക്രൈൻ, ബ്രൂണെ, സിംഗപ്പൂർ, അമേരിക്ക, ലാവോസ്, നൈജീരിയ, ബ്രസീൽ, ഗയാന, കുവൈത്ത് എന്നിവിടങ്ങളാണ് സന്ദർശിച്ചത്.

2023 ൽ ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനിയ, അമേരിക്ക, ഈജിപ്ത്, ഫ്രാൻസ്, യു.എ.ഇ, ദക്ഷിണാഫ്രിക്ക, ഗ്രീസ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിലേക്ക് പ്രധാനമന്ത്രി യാത്ര നടത്തി. 2022 ൽ ജർമനി, ഡെൻമാർക്ക്, ഫ്രാൻസ്, നേപ്പാൾ, ജപ്പാൻ, യു.എ.ഇ, ഉസ്ബെക്കിസ്ഥാൻ, ഇൻഡോനേഷ്യ എന്നിവിടങ്ങളിലേക്കാണ് സന്ദർശനം നടത്തിയത്. ബംഗ്ലാദേശ്, അമേരിക്ക, ഇറ്റലി, യു.കെ എന്നിവിടങ്ങളാണ് 2021 ൽ പ്രധാനമന്ത്രി സന്ദർശിച്ചത്. അമേരിക്കൻ സന്ദർശനത്തിനാണ് ഈ വർഷം ഏറ്റവും കൂടുതൽ ചെലവായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MEAForeign Visitstravel expensesPM Modi
News Summary - മോദിയുടെ വിദേശ യാത്ര ചെലവ് കോടികൾ
Next Story