മോദി പ്രധാനമന്ത്രിയായത് ജനവിധി അനുസരിച്ചല്ലെന്ന് കെ.സി. വേണുഗോപാല്‍; ‘വോട്ടര്‍പട്ടികയിലെ ക്രമക്കേട് കണ്ടെത്താന്‍ ഓഡിറ്റിങ് നടത്തും’
text_fieldsനരേന്ദ്ര മോദി, കെ.സി. വേണുഗോപാൽ
ആലപ്പുഴ: ജനവിധി അനുസരിച്ചല്ല നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് വോട്ടര്‍പട്ടികയിലെ കൃത്രിമം രാഹുല്‍ ഗാന്ധി തെളിവ് സഹിതം പുറത്തുവിട്ടതോടെ വ്യക്തമായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് കണ്ടെത്താന്‍ വ്യാപകമായ ഓഡിറ്റിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡ്യ മുന്നണി സ്ഥാനാര്‍ഥികള്‍ 50,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ട 48 മണ്ഡലങ്ങളാണുള്ളത്. ഇവിടെയെല്ലാം വ്യാപകമായ പരിശോധന കോണ്‍ഗ്രസ് നടത്തും. വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കാണിച്ചാണ് ബി.ജെ.പി ഭരണം പിടിച്ചെടുത്തത്. അത് സംബന്ധിച്ച് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ശരിവെക്കുകയാണ് മാധ്യമങ്ങളുടെ അന്വേഷണം. എന്നിട്ടും രാഹുല്‍ ഗാന്ധി രാജിവെയ്ക്കണമെന്നാണ് ബി.ജെ.പി പറയുന്നത്. ശരിയായ അന്വേഷണം നടത്തിയാല്‍ നരേന്ദ്ര മോദിയാണ് രാജിവെക്കേണ്ടത്.
അതിന് തയാറാകാതെ ആക്ഷേപം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും തെരഞ്ഞെടുപ്പ് കമീഷന്‍ ഭീഷണിപ്പെടുത്തുകയാണ്. ക്രമക്കേട് സംബന്ധിച്ച് മറുപടി നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ പേടിപ്പിക്കാന്‍ നോക്കണ്ട. ശക്തമായ പോരാട്ടം കോണ്‍ഗ്രസ് തുടരും. ആഗസ്റ്റ് 11ന് ഡല്‍ഹിയില്‍ എം.പിമാരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. നീതിപൂര്‍വ്വവും നിഷ്പക്ഷവുമല്ല തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികളെന്ന് തെളിയിക്കപ്പെട്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലും വോട്ടര്‍പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്ന പ്രകിയ നടന്നിരുന്നു. തൃശ്ശൂരിലെ നടന്നത് ഗൗരവമേറിയ സംഭവമാണ്. അവിടെ ബി.ജെ.പി സ്ഥാനാർഥി ജയിക്കാനുണ്ടായ സാഹചര്യം നമുക്കറിയാം. താന്‍ മത്സരിച്ച ആലപ്പുഴ മണ്ഡലത്തിലും 35,000 ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിരുന്നു. അത് ഹൈകോടതിക്ക് ബോധ്യപ്പെട്ടതാണെന്നും കേരളത്തില്‍ ഉള്‍പ്പെടെ എല്ലായിടത്തും കോണ്‍ഗ്രസ് വോട്ടര്‍പട്ടികയിലെ കൃത്രിമം കണ്ടുപിടിക്കാന്‍ പരിശോധനകള്‍ നടത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വിതരണത്തിലൂടെ മദ്യലഭ്യത വര്‍ധിപ്പിച്ച് ക്രമസമാധാന തകര്‍ച്ചക്ക് വേഗം കൂട്ടുന്ന സര്‍ക്കാറിന്റെ തെറ്റായ നിലപാടില്‍ നിന്ന് പിന്‍മാറണം. ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിത്. മദ്യവ്യാപനം എന്നത് എൽ.ഡി.എഫ് സര്‍ക്കാറിന്റെ മുഖ്യ അജണ്ടയാണ്. സര്‍ക്കാറിന് എങ്ങനെയും വരുമാനം കണ്ടെത്തണമെന്ന ചിന്ത മാത്രമെയുള്ളൂവെന്നും കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

