ഗാന്ധി ഇന്ത്യയെ ഒന്നിപ്പിച്ചു; മോദി ഭിന്നിപ്പിക്കുന്നു –രാഹുൽ
text_fieldsവാർധ (മഹാരാഷ്ട്ര): ഇന്ത്യയെ ഒന്നിപ്പിക്കാനാണ് ഗാന്ധിജി അധ്വാനിച്ചതെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭിന്നിപ്പിക്കാനാണ് പണിയെടുക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികം പ്രമാണിച്ച് കോൺഗ്രസ് തുടങ്ങുന്ന പരിപാടികൾക്ക് തുടക്കം കുറിച്ച് വാർധയിൽ നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനെ തഴഞ്ഞ് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ റഫാൽ നിർമാതാക്കളുടെ ഇന്ത്യൻ പങ്കാളിയാക്കിയതിെൻറ കാരണം മോദി വിശദീകരിക്കേണ്ടതുണ്ട്.
പാർലമെൻറിൽ റഫാൽ ചർച്ച നടന്നപ്പോൾ ചോദ്യങ്ങൾ ഒഴിവാക്കാൻ മുഖത്തേക്കു നോക്കുക പോലും ചെയ്യാതെ ഇരിക്കുകയായിരുന്നു മോദി. റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 3.20 ലക്ഷം കോടി രൂപയാണ് മോദിസർക്കാർ കുത്തക മുതലാളിമാരുടെ വായ്പ ഇനത്തിൽ എഴുതിത്തള്ളിയത്. എന്നാൽ, പ്രാരബ്ധം നേരിടുന്ന കർഷകരുടെ കടം എഴുതിത്തള്ളാൻ സർക്കാർ തയാറാവുന്നില്ല.
ഇന്ത്യയെ കൊള്ളയടിക്കുന്നവർ പിന്നാമ്പുറത്തു കൂടി കള്ളപ്പണം വെളുപ്പിക്കുന്നു. പക്ഷേ, അസാധുവാക്കിയ കറൻസി നോട്ടുകൾ നിക്ഷേപിക്കാൻ ബാങ്കിൽ നീണ്ട ക്യൂ നിൽക്കേണ്ട സ്ഥിതിയാണ് സാധാരണക്കാർക്ക് ഉണ്ടായത്. രാജ്യത്തിെൻറ കാവൽക്കാരനാണെന്ന് മോദി പറയുന്നു. അദ്ദേഹം കാവൽക്കാരനല്ല, കുത്തകക്കാരുടെ പങ്കാളിയാണ്. മോദിക്ക് ജനം ഒരു ചാൻസ് കൊടുത്തു. എന്നാൽ, അദ്ദേഹം വിശ്വാസവഞ്ചന കാട്ടി. ഇനി കോൺഗ്രസിനെ വിശ്വസിക്കുക. മഹാത്മ ഗാന്ധിയുടെ ചിന്താധാരയിലൂടെ രാജ്യം മുന്നോട്ടു നീങ്ങെട്ട -രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
