‘തെരഞ്ഞെടുപ്പ് മോഷ്ടിച്ചാണ് മോദി പ്രധാനമന്ത്രിയായത്’ -രാഹുൽ ഗാന്ധി
text_fieldsനരേന്ദ്രമോദി, രാഹുൽ ഗാന്ധി
ന്യൂഡൽഹി: ‘മുഴുവൻ തെരഞ്ഞെടുപ്പും മോഷണമാണ്’ പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ ഗാന്ധി. ബി.ജെ.പി വോട്ട് മോഷ്ടിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച വീണ്ടും ആരോപിച്ചു. മുഴുവൻ തെരഞ്ഞെടുപ്പും മോഷ്ടിക്കപ്പെട്ടതാണെന്നും നരേന്ദ്ര മോദി വോട്ടുകൾ മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം പരാജയങ്ങൾ മറയ്ക്കാൻ രാജ്യത്തിന്റെ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുകയാണ് രാഹുൽ ഗാന്ധിയെന്ന് ആരോപണങ്ങളെ തള്ളിക്കൊണ്ട് ബി.ജെ.പിയും രംഗത്തെത്തിയിരിക്കുകയാണ്.
‘ഞങ്ങളുടെ കൈവശം ധാരാളം തെളിവുകൾ ഉണ്ട്. വോട്ട് മോഷണത്തെ തുറന്നുകാട്ടുന്ന പ്രക്രിയ ഞങ്ങൾ തുടരും. നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് തെരഞ്ഞെടുപ്പെന്ന പ്രക്രിയയെ അപ്പാടെ മോഷ്ടിച്ചും അട്ടിമറിച്ചുമാണെന്നും, ബി.ജെ.പി തെരഞ്ഞെടുപ്പിന്റെ മറവിൽ വോട്ടുകൾ മോഷ്ടിക്കുകയാണെന്നും ഇന്ത്യയിലെ ജെൻസി യുവാക്കൾക്ക് ഞങ്ങൾ വ്യക്തമായി കാണിച്ചുകൊടുക്കും’എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ബുധനാഴ്ച നടന്ന തന്റെ വാർസമ്മേളനത്തെ പരാമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു, ഹരിയാന തെരഞ്ഞെടുപ്പ് ഒരു തെരഞ്ഞെടുപ്പല്ലെന്നും വൻതോതിലുള്ള വോട്ട് മോഷണം നടന്നിട്ടുണ്ടെന്നും ഞാൻ തെളിവുസഹിതമാണ് കാണിച്ചതെന്നും തന്റെ അവതരണത്തെകുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
താൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും തെരഞ്ഞെടുപ്പ് കമീഷനിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല, മറിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ നിരന്തരം സംരക്ഷിക്കുകയാണ്. പക്ഷേ ഞാൻ പറഞ്ഞത് തെരഞ്ഞെടുപ്പ് കമീഷൻ നിഷേധിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹരിയാന തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലെ 25 ലക്ഷം എൻട്രികൾ വ്യാജമാണെന്നും പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുമായി ഒത്തുകളിക്കുയായിരുന്നെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു, "മാധ്യമങ്ങൾ ബ്രസീലിയൻ മോഡലിന്റെ വിഷയം ഉന്നയിക്കുന്നു, പക്ഷേ സത്യം എന്തെന്നാൽ നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് കമീഷനും ചേർന്ന് ഭരണഘടനയെ ആക്രമിക്കുകയാണ്. ഭരണഘടനയിൽ പറയുന്നത് - ഒരാൾ, ഒരു വോട്ട് എന്നാണ് എന്നാൽ ഹരിയാനയിൽ ഒരാൾ ഒരു വോട്ട് എന്നല്ല ഒരാൾ നിരവധി വോട്ടുകൾ എന്നാണ്. ഒരു ബ്രസീലിയൻ സ്ത്രീക്ക് വരെ ഒരു വോട്ട് ഉണ്ടായിരുന്നു, ഒരു ബൂത്തിൽ ഒരു സ്ത്രീയുടെ 200 ഫോട്ടോകൾ ഉണ്ടായിരുന്നു. അവർ ബിഹാറിലും ഇതുതന്നെ ചെയ്യാൻ പോകുന്നു, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അവർ ഇത് ചെയ്തിട്ടുണ്ട്, ഹരിയാനയിലും ചെയ്തുകഴിഞ്ഞു. ഗുജറാത്തിലും ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നു. അതുകൊണ്ടുതന്നെ വോട്ട് മോഷണം തന്നെയാണ് പ്രധാനപ്രശ്നം ഇതുതന്നെയാണ് ചർച്ച ചെയ്യപ്പെടേണ്ടതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

