പട്ടേൽ സ്മൃതിയിൽ നെഹ്റുവിനെ കടന്നാക്രമിച്ച് മോദി
text_fieldsഏക്ത നഗർ: സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 150ാം ജന്മവാർഷിക ദിന പ്രഭാഷണത്തിൽ കോൺഗ്രസിനെയും ജവഹർലാൽ നെഹ്റുവിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തരം കശ്മീർ മുഴുവനായും ഇന്ത്യയുടെ ഭാഗമാക്കണമെന്ന് പട്ടേൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, നെഹ്റു അതിന് അനുവദിച്ചില്ലെന്ന് മോദി ആരോപിച്ചു.
മുഴുവൻ നാട്ടുരാജ്യങ്ങളെയും ഇന്ത്യാ റിപ്പബ്ലിക്കിലേക്ക് കൊണ്ടുവന്ന സമീപനമായിരുന്നു പട്ടേലിന് കശ്മീരിന്റെ കാര്യത്തിലുമുണ്ടായിരുന്നത്. അത് നടക്കാതെ പോയത് നെഹ്റു കാരണമാണെന്നും 550 നാട്ടുരാജ്യങ്ങളെ റിപ്പബ്ലിക്കിന്റെ ഭാഗമാക്കിയതിലൂടെ പട്ടേൽ സമാനതകളില്ലാത്ത ചരിത്രമാണ് സൃഷ്ടിച്ചതെന്നും ഗുജറാത്തിൽ ‘രാഷ്ട്രീയ ഏക്താ ദിവസ്’ പരേഡിനെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.
കശ്മീർ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസിന് തെറ്റുപറ്റി. അതിൽ രാജ്യവും കശ്മീരും ഒരുപാട് സഹിച്ചു. കശ്മീരിനെ വിഭജിച്ചതും അതിനായി പ്രത്യേക പതാക അനുവദിച്ചതുമെല്ലാം നെഹ്റുവിന്റെ നയങ്ങളാണ്. കശ്മീർ നയത്തിലെ പാളിച്ചതന്നെയാണ് വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രശ്നങ്ങൾക്കും മാവോവാദി ഭീഷണികൾക്കും പ്രചോദനമായത്. നട്ടെല്ലില്ലാത്ത സമീപനമാണ് നെഹ്റു സർക്കാർ സ്വീകരിച്ചത്. ആ നയം കാരണമാണ് കശ്മീരിന്റെ ഒരുഭാഗം നമുക്ക് നഷ്ടമായത്; അവിടം ഭീകരതയുടെ കേന്ദ്രവുമായി മാറി. ഈ നയം തിരുത്താനാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 എടുത്തുകളഞ്ഞത്. അതുവഴി ഇന്ത്യയുടെ യഥാർഥ ശക്തി പാകിസ്താനും ഭീകരവാദികളും തിരിച്ചറിഞ്ഞിരിക്കുന്നു -മോദി പറഞ്ഞു.
ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് പരാമർശിച്ച മോദി 11 വർഷത്തെ നക്സൽ വേട്ടയെക്കുറിച്ചും വാചാലനായി. 125 ജില്ലകളിലുണ്ടായിരുന്ന മാവോവാദി സാന്നിധ്യം ഇപ്പോൾ 11ലേക്ക് ചുരുങ്ങിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

