ബിഹാറിൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ നൽകും -വനിത തൊഴിൽ പദ്ധതിയുമായി മോദി
text_fieldsനരേന്ദ്ര മോദി
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മറ്റ് സംസ്ഥാനങ്ങൾ സന്ദർശിച്ച് കോടികളുടെ വികസനപദ്ധതികളുടെ തറക്കല്ലിട്ടും അവശർക്കും സ്ത്രീകൾക്കും വിവിധ പദ്ധതികൾ പ്രഖ്യാപിച്ചതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദി വനിത തൊഴിൽ പദ്ധതിയുമായി ബിഹാറിലേക്കും. ബിഹാറിൽ ആർ.ജെ.ഡിയും കോൺഗ്രസും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിലെ വോട്ടുമോഷണവും അഴിമതിയുടെ കഥകളും പുറത്തുവിട്ടതോടെ ബിഹാറിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് ക്യാമ്പുകളിൽ ആശങ്ക പടർന്നിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളായി വേണം ഇത്തരം പ്രവർത്തനങ്ങളെയും വാഗ്ദാനങ്ങളെയും കാണാൻ. കുടുംബത്തിലെ ഒരു സ്ത്രീക്ക് പതിനായിരം രൂപവീതം അക്കൗണ്ടിലേക്ക് നൽകുമെന്നാണ് വാഗ്ദാനം. ബിഹാർ സർക്കാർ മുഖ്യമന്ത്രിയുടെ വനിത തൊഴിൽ പദ്ധതി എന്ന പേരിൽ ഒരു സ്ത്രീക്ക് 10,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി നാളെ പദ്ധതി ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് വിഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ചടങ്ങിൽ 7.5 ദശലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് ആദ്യ ഗഡു 10,000 രൂപ കൈമാറും. മൊത്തം 7,500 കോടി രൂപ വിതരണം ചെയ്യും.
ചെറുകിട ബിസിനസോ സ്വയം തൊഴിലോ ആരംഭിക്കാൻ കഴിയും. മാത്രമല്ല, ആറ് മാസത്തിനുശേഷം സംരംഭത്തിന്റെ പുരോഗതി അവലോകനം ചെയ്ത ശേഷം, 2 ലക്ഷം രൂപ വരെ സഹായവും നൽകും. ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമേ മഹിള റോസ്ഗാർ യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കൂ. പദ്ധതി സാമ്പത്തിക സഹായം ലഭിക്കുന്നതിന്, സ്ത്രീകൾ ജീവിക സ്വയം സഹായ ഗ്രൂപ്പിൽ അംഗമാകേണ്ടത് നിർബന്ധമാണ്. നിർദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങളുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിക്കണം .
ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. മഹിള റോസ്ഗാർ യോജനക്കുള്ള അപേക്ഷ ജീവിക ഗ്രൂപ്പിലൂടെയോ നേരിട്ട് അപേക്ഷിക്കാം. ഗ്രൂപ്പ് അംഗങ്ങൾ അപേക്ഷ പൂരിപ്പിച്ച് നൽകാനും കൃത്യമായ രേഖകൾ പരിശോധിക്കാനും തയാറാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, പാൻ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

