ട്രംപുമായി അദാനിക്കെതിരായ കേസ് ചർച്ച ചെയ്തില്ലെന്ന് മോദി
text_fieldsവാഷിങ്ടൺ: ഡോണാൾഡ് ട്രംപുമായി അദാനി വിഷയം ചർച്ച ചെയ്തുവെന്ന വാർത്തകൾ നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമപ്രവർത്തകരോടാണ് അദാനി വിഷയം ചർച്ച ചെയ്തില്ലെന്ന് മോദി വെളിപ്പെടുത്തിയത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. വസുധൈവ കുടുംബകമാണ് ഇന്ത്യയുടെ സങ്കൽപ്പമെന്നും മോദി പറഞ്ഞു.
ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്നതാണ് വസുധൈവ കുടുംബകത്തിന്റെ സങ്കൽപ്പം. എല്ലാ ഇന്ത്യക്കാരും എന്റെ സ്വന്തം കുടുംബമാണ്. എന്നാൽ, വ്യക്തപരമായ കാര്യങ്ങളിലേക്ക് വരുമ്പോൾ അത്തരത്തിലുള്ളതൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് അദാനി വിഷയം മുൻനിർത്തി മോദി പറഞ്ഞു. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഇതുസംബന്ധിച്ച് പരാമർശം നടത്തിയില്ല.
യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന്റെ അദാനിക്കെതിരായ കുറ്റാരോപണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനക്കുമാണ് യു.എസ് കുറ്റം ചുമത്തിയത്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചുവെന്നാണ് കേസ്.
265 മില്യണ്‍ ഡോളര്‍ (2237 കോടി രൂപ) അദാനി കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ ഈ കരാറുകളില്‍നിന്ന് 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാന്‍ ഉന്നമിട്ടുവെന്നും കുറ്റപത്രത്തിൽ പറയുന്നു. അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരില്‍നിന്നും നിക്ഷേപകരില്‍നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.