'ഖാർഗെക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല'; ആധുനിക കാലത്തെ മിർ ജാഫറാവുകയാണെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: പഹൽഗാം സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ് പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നുവെന്ന് ആരോപണമുന്നയിച്ചതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കടന്നാക്രമിച്ച് ബി.ജെ.പി.
ഖാർഗെയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്ന് ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു. ഖാർഗെക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല. ഒരുവശത്ത് സർവകക്ഷി യോഗത്തിൽ അവർ രാജ്യത്തോടൊപ്പമാണെന്ന് പറയുന്നു. മറുവശത്ത്, ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നതിനാൽ പ്രധാനമന്ത്രി കശ്മീർ സന്ദർശനം ഒഴിവാക്കിയെന്ന് ആരോപിക്കുന്നു. രാജ്യത്തിന്റെ അതിർത്തി സംഘർഷങ്ങളിലൂടെ കടന്നുപോവുകയാണ്. ഈ അവസരത്തിൽ ഇത്തരം കാര്യങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
അതേസമയം, ഖാർഗെ ആധുനിക കാലത്തെ മിർ ജാഫറാവുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് സി.ആർ കേശവൻ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ അദ്ദേഹത്തിൻറെ പ്രസ്താവനകൾ അടിസ്ഥാനരഹിതവും അപലപനീയവുമാണ്. ഖാർഗെ മാപ്പുപറയണം. ഗുരുതരമായ ആരോപണമുന്നയിക്കാൻ തക്ക രീതിയിൽ എവിടെ നിന്ന് എന്തുവിവരമാണ് കിട്ടിയതെന്ന് ഖാർഗെ വെളിപ്പെടുത്തണമെന്നും കേശവൻ പറഞ്ഞു.
പഹൽഗാം സംഭവത്തിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീകരാക്രമണം സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോർട്ട് ലഭിച്ചുവെന്നായിരുന്നു ഖാർഗെയുടെ ആരോപണം. ഇതേത്തുടർന്ന് പ്രധാനമന്ത്രി തന്റെ കശ്മീർ സന്ദർശനം റദ്ദാക്കി. മുൻകൂട്ടി അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ട് ഒന്നും ചെയ്തില്ലെന്ന് ചോദിച്ച ഖാർഗെ സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആരോപിച്ചു.
ഏപ്രില്‍ 22-ന് നടന്ന ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ആക്രമണമുണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറിലുള്‍പ്പെടെ ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഖാര്‍ഗേ പ്രധാമന്ത്രിക്കെതിരെ ആരോപണമുയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

