മോഡൽ ട്വിഷ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാല സിങും മകനും ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ജഡ്ജി ഗിരിബാല സിങ്, മകൻ സമർഥ് സിങ് എന്നിവരെ ഭോപ്പാൽ കോടതി ജൂൺ 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സി.ബി.ഐയുടെ ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് തിങ്കളാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ സി.ബി.ഐ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഏജൻസി കൂടുതൽ ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഭോപ്പാൽ സെൻട്രൽ ജയിലിലെ മറ്റ് തടവുകാരിൽ നിന്ന് പ്രത്യേകം മാറ്റിയാകും ഗിരിബാല സിങിനെയും സമർഥിനെയും പാർപ്പിക്കുക.
മധ്യപ്രദേശ് പൊലീസിൽ നിന്ന് കേസ് ഏറ്റെടുത്ത ശേഷമുള്ള സി.ബി.ഐ അന്വേഷണത്തിന്റെ ആദ്യ ഘട്ടമാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ പൂർത്തിയായിരിക്കുന്നത്. കസ്റ്റഡി കാലാവധിയിൽ മേയ് 12-ന് രാത്രി ഭോപ്പാലിലെ വസതിയിൽ നടന്ന കാര്യങ്ങൾ, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച ഡിജിറ്റൽ, ഫോറൻസിക്, ഭൗതിക തെളിവുകളും സി.ബി.ഐ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന്‍റെ ഭാഗമായി സി.ബി.ഐ സംഘം പ്രതികളുടെ വീട്ടിലെത്തി 80 കിലോ തൂക്കമുള്ള ഡമ്മി ഉപയോഗിച്ച് ട്വിഷയുടെ അവസാന നിമിഷങ്ങൾ പുനഃസൃഷ്ടിച്ചിരുന്നു.
മുൻ മിസ് പൂനെയും നടിയുമായ നോയിഡ സ്വദേശിനി ട്വിഷ ശർമ്മയെ വിവാഹം കഴിഞ്ഞ് ആറ് മാസം തികയുന്നതിന് മുമ്പാണ് ഭോപ്പാലിലെ ഭർത്തൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ആദ്യം സ്ത്രീധന പീഡന മരണം എന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചകൾ സംഭവിച്ചതായും തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും ആരോപണമുയർന്നതോടെ കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. പ്രതിയായ ഗിരിബാല സിങിന് വിചാരണ കോടതി അനുവദിച്ച മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

