ജയിൽ മോചിതനാകുന്ന ആര്യൻ ഖാനെ കാണാൻ ജനം തടിച്ചുകൂടിയതോടെ മോഷ്ടാക്കൾക്ക് ചാകരക്കാലം. മുംബൈ ആർതർ റോഡ് ജയിൽ പരിസരത്ത് വെള്ളിയാഴ്ച മുതൽ വലിയ ജനക്കൂട്ടമാണ് സംഘടിച്ച് നിന്നത്. ഇവരുടെ ഇടയിൽ കടന്നുകൂടിയ കവർച്ചക്കാർ 10 മൊബൈൽ ഫോണുകളാണ് കവർന്നത്. രണ്ട് ദിവസംകൊണ്ട് നിരവധി മൊബൈൽ ഫോൺ കവർച്ചകൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് പറയുന്നു.
പിതാവ് ഷാരൂഖ് ഖാൻ മകനെ സ്വീകരിക്കാനായി ആർതർ റോഡ് ജയിലിൽ എത്തിയിരുന്നു. ആര്യനെ സ്വീകരിക്കാൻ ജയിലിനും ഷാരൂഖിെൻറ വസതിയായ മന്നത്തിന് പുറത്തും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. വീട്ടിലെത്തിയ ആര്യനെ പോസ്റ്ററുകളും പ്ലക്കാർഡുകളുമായി ആരാധകർ സ്വീകരിച്ചു. എല്ലാ പ്രായത്തിലുമുള്ള ആരാധകരും കുട്ടികളും കോളേജ് വിദ്യാർഥികളും ഷാരൂഖിന്റെ വീടിനുപുറത്തുണ്ടായിരുന്നു. 11 മണിയോടെ സുരക്ഷ ജീവനക്കാരുടെ അകമ്പടിയോടെ ജയിലിൽ നിന്നിറങ്ങിയ താരപുത്രൻ തനിക്കായി കാത്തുനിന്ന ആഡംബര കാറിൽ കയറുകയായിരുന്നു.
ജാമ്യ ഉത്തരവിന്‍റെ പകർപ്പ് കൃത്യസമയത്ത് ആർതർ റോഡ് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് വെള്ളിയാഴ്ച ആര്യന് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്. 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. ശനിയാഴ്ച രാവിലെ ഷാരൂഖ് ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നിന്നും ആർതർ റോഡ് ജയിലിലേക്ക് പുറപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നു. രാവിലെ തന്നെ 'വീട്ടിലേക്ക് സ്വാഗതം ആര്യൻ' എന്നെഴുതിയ പ്ലക്കാർഡുകളുമേന്തി ആരാധകർ മന്നത്തിന് മുമ്പിലെത്തിയിരുന്നു.
ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി നടി ജൂഹി ചൗളയാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നൽകിയത്. ബോംബെ ഹൈക്കോടതിയിലെത്തിയാണ് ജൂഹി ബോണ്ട് ഒപ്പിട്ടുനല്‍കിയത്. ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ജൂഹിയുടെ ഇടപെടല്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ, ഷാരൂഖിെൻറ അടുത്ത സുഹൃത്തായ ജൂഹി, അദ്ദേഹത്തിെൻറ പ്രയാസകാലത്ത് പ്രതികരിക്കുന്നില്ല എന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ് അവർ കോടതിയിൽ എത്തിയത്.
14 കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫീസിൽ ഹാജരാകണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. കേസുമായ ബന്ധപ്പെട്ട് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനരീതിയിലുള്ള കേസുകളിൽ ഉൾപ്പെടരുത്. കേസിൽ വിചാരണ ആരംഭിച്ചാൽ വൈകിപ്പിക്കാനാകില്ല. കൂടെ ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നുണ്ട്. ഇതിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.
മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടിയത്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്.