മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുതിൻെറ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കുമരുന്ന് ശൃംഖലകൾ തേടിയുള്ള കേസുകളിലെ അന്വേഷണത്തിൻെറ ഭാഗമായി വിവിധ താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്തു. നടി ദീപിക പദുകോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരടക്കമുള്ളവരുടെ ഫോണുകളാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പിടിച്ചെടുത്തത്.
ബോളിവുഡിലെ വമ്പൻ പേരുകളിലൊന്നായ ദീപിക പദുകോണിനെ ഇന്നലെ ആറു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കൂടാതെ, സാറ അലി ഖാനും ശ്രദ്ധ കപൂറും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനൊടുവിലാണ് ഫോൺ പിടിച്ചെടുത്തത്. ഫോണുകളിലൂടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചാറ്റുകൾ നടത്തിയത് പരിശോധിക്കാൻ വിദഗ്ധ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻെറ ശ്രമം.
'ഡി' എന്നു ചുരുക്കപ്പേരിൽ പരിചയപ്പെടുത്തിയ ഒരാളുമായി ദീപികയുടെ മാനേജർ കരിഷ്മ പ്രകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകൾ പ്രധാന തെളിവായി അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്.
ജൂൺ 14ന് സുശാന്ത് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബോളിവുഡ് നടി റിയ അറസ്റ്റിലാകുന്നതോടെയാണ് ലഹരി മാഫിയയുടെ സ്വാധീനവലയം അന്വേഷണ പരിധിയിലെത്തുന്നത്. സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരുടെ പേരുകൾ റിയ ചക്രബർത്തി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തതിയതായി സൂചനകളുണ്ടായിരുന്നു. സുശാന്തിെൻറ മാനേജർമാരിൽ ഒരാളായ ജയ സാഹയുടെ വാട്സാപ് ചാറ്റുകളിൽ ജയയുടെയും ശ്രദ്ധയുടെയും പേരുള്ളതായും റിപ്പോർട്ടുകൾ പുറത്തുവന്നു.