കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നു; ഗ്വാളിയോറിലെ ക്ലിനിക്കിൽ ഒഴിവായത് വൻ ദുരന്തം
text_fieldsഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ക്ലിനിക്കിൽ ഇരിക്കുകയായിരുന്ന രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. സംഭവത്തെ തുടർന്ന് ക്ലിനിക്കിൽ വലിയ പരിഭ്രാന്തിയാണ് ഉണ്ടായത്. ഗ്വാളിയോറിലെ ദൃഷ്ടി സ്കിൻ ആൻഡ് ചൈൽഡ് ക്ലിനിക്കിലാണ് അപകടം നടന്നത്. ഡോക്ടറെ കാണാൻ എത്തിയ ഒരു രോഗി സോഫയിൽ ഇരുന്നു ഫോൺ ഉപയോഗിക്കുകയായിരുന്നു. പെട്ടെന്ന് ഫോണിൽ നിന്ന് പുക ഉയരുകയും പിന്നാലെ വൻ ശബ്ദത്തോടെ തീ പടരുകയുമായിരുന്നു.
പരിഭ്രാന്തനായ രോഗി ഫോൺ ഉടൻ തന്നെ കയ്യിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. ഇത് ക്ലിനിക്കിലെ സോഫയിലും മറ്റും തീപിടിക്കാൻ കാരണമായി. സംഭവസമയം ക്ലിനിക്കിൽ നവജാത ശിശുക്കളുൾപ്പെടെ നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നു. എന്നാൽ, ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്ന ഉടൻ തന്നെ ക്ലിനിക്കിലെ ജീവനക്കാർ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുകയും വേഗത്തിൽ തീ അണക്കുകയും ചെയ്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.
സംഭവത്തിൽ ആർക്കും പരിക്കുകളോ പൊള്ളലുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്തിരുന്നാലും ഗാഡ്ജറ്റുകൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ഉപകരണങ്ങളുടെ ബാറ്ററികൾ കൃത്യസമയത്ത് പരിശോധിക്കേണ്ടതിന്റെയും പ്രാധാന്യമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.

