ജാട്ട് പ്രക്ഷോഭം: ഹരിയാനയിൽ മൊബൈൽ, ഇൻറർനെറ്റ് വിലക്ക്
text_fieldsചണ്ഡിഗഢ്: സംവരണം ആവശ്യപ്പെട്ട് ഹരിയാനയിൽ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം സംഘർഷത്തിലേക്ക്. ഇതേതുടർന്ന് 13 ജില്ലകളിൽ മൊബൈൽ ഫോൺ, ഇൻറർനെറ്റ് സർവിസുകൾ സർക്കാർ വിലക്കി. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് ഏർപ്പെടുത്തിയ വിലക്ക് മൂന്നുദിവസം തുടരും. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എസ്.എസ്. പ്രസാദ് ആണ് വോയ്സ് കോളുകൾ ഒഴികെയുള്ള സർവിസുകൾ വിലക്കിയത്.
പ്രക്ഷോഭരംഗത്തുള്ള അഖിലേന്ത്യാ ജാട്ട് ആരക്ഷൻ സംഘർഷ് സമിതിയും സംവരണത്തെ എതിർക്കുന്ന ബി.െജ.പി എം.പി രാജ് കുമാർ സെയ്നിയും ഞായറാഴ്ച വെവ്വേറെ പൊതുസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതൽ. സംവരണത്തെ അനുകൂലിച്ചും എതിർത്തും റാലി നടക്കുന്നതിനാൽ ജില്ലകളിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്. നിരവധി പ്രദേശങ്ങളിൽ നിരോധനാജ്ഞയുമുണ്ട്.
ജാട്ടുകളും സെയ്നിയുടെ റാലിയെ അനുകൂലിക്കുന്നവരും വിവിധ ഭാഗങ്ങളിൽ ഏറ്റുമുട്ടിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാലാമത്തെ തവണയാണ് ജാട്ട് റാലിക്കിടെ ഇൻറർനെറ്റ് സേവനം നിർത്തിെവക്കുന്നത്. 2016 ഫെബ്രുവരിയിൽ ജാട്ട് സംവരണ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളിൽ 30 പേരാണ് കൊല്ലപ്പെട്ടത്. വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ ഒ.ബി.സിയിൽപെടുത്തി സംവരണം നൽകണമെന്നാവശ്യപ്പെട്ടാണ് ജാട്ട് സമുദായം പ്രക്ഷോഭം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
