മണിപ്പൂരിൽ കുക്കി നേതാവിന്റെ വീട്ടിൽ ഇരച്ചുകയറി ജനക്കൂട്ടം വെടിയുതിർത്തു
text_fieldsഇംഫാൽ: മണിപ്പൂരിൽ കുക്കി വിഭാഗം നേതാവിന്റെ വീട്ടിൽ ഇരച്ചുകയറി ജനക്കൂട്ടം വെടിയുതിർത്തു. സംസ്ഥാനത്തെ ചുരാചന്ദ്പൂർ പട്ടണത്തിലെ കുക്കി സോ കൗൺസിൽ ചെയർമാൻ എച്ച്. തങ്ലെറ്റിന്റെ വസതിയിലേക്കാണ് ആയുധധാരികൾ ഇരച്ചുകയറിയത്. ഇദ്ദേഹത്തിന്റെ വസതിയിൽ തീവ്രവാദികൾ തമ്പടിച്ചതായി ആരോപിച്ചായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിനുനേരെ കല്ലേറുമുണ്ടായി. സുരക്ഷാ സേന സ്ഥലത്തെത്തി കണ്ണീർവാതകമടക്കം പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. അതിനിടെ, തലസ്ഥാനമായ ഇംഫാലിൽ നിരോധിത സംഘടനയായ യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ടിന്റെ (യു.എൻ.എൽ.എഫ്-കൊയ്റെങ്) 14 പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരിൽനിന്ന് വെടിക്കോപ്പ് അടക്കം ആയുധങ്ങൾ പിടിച്ചെടുത്തതായി ഇംഫാൽ പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

