ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന് സിന്ദാബാദ് വിളിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
text_fieldsമംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയിലിരുന്ന് പാകിസ്താൻ സിന്ദാബാദ് വിളിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. യുവാവ് കൊല്ലപ്പെട്ട വിവരം കർണാടക ആഭ്യന്തരമന്ത്രി ജി.പരേശ്വര സ്ഥിരീകരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സചിൻ എന്നയാളുടെ നേതൃത്വത്തിലാണ് മർദനം നടന്നതെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കർണാടക ആഭ്യന്തരമന്ത്രി അറിയിച്ചു. കേസിൽ തുടരന്വേഷണം തുടരുകയാണ്. ക്രമസമാധാനനില തകരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൂരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ദിനേഷ് ഗുണ്ടറാവു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 15 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ മരിച്ചയാളെ അന്വേഷിച്ച് ആരും എത്തിയിട്ടില്ല. നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയായിരിക്കുമെന്നും സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നും ദിനേഷ് ഗുണ്ടറാവു പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 26 പേർ മരിച്ച ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കർശന നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. സിന്ധിനദീജല കരാർ റദ്ദാക്കിയ ഇന്ത്യ പാക് പൗരൻമാരുടെ വിസ റദ്ദാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

