ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് സംശയിച്ച് ബംഗളൂരുവിൽ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. രാജസ്ഥാൻ സ്വദേശി കാലുറാം എന്നയാളാണ് മർദനത്തിൽ മരിച്ചത്. 25 പേരടങ്ങുന്ന സംഘമാണ് ക്രിക്കറ്റ് ബാറ്റും മരത്തടികളും ഉപയോഗിച്ച് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു സ്ത്രീകൾ ഉൾപ്പെടെ 14 പേർ അറസ്റ്റിലായി.
ബംഗളൂരുവിൽ ടൈൽ ജോലിക്കാരനായിരുന്നു യുവാവ്. ഒരു മാസം മുമ്പാണ് ഇയാൾ പൂണെയിൽ നിന്ന് ബംഗളൂരുവിൽ എത്തിയത്. ചാമരാജ്പെട്ട് പൂന്തോട്ടത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോവുന്ന ആളാണെന്ന് സംശയിച്ച് ചില സ്ത്രീകൾ പിന്തുടരുകയും ഇവരോടൊപ്പമുള്ളവർ ആക്രമിക്കുകയുമായിരുന്നു. പെെട്ടന്നു തന്നെ പൊലീസ് സ്ഥലത്തെത്തുകയും യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യുവാവിനെ മർദിക്കാൻ യാതൊരു അടിസ്ഥാനവുമില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. റെയ്ച്ചൂർ ജില്ലയിൽ തട്ടിക്കൊണ്ടു പോകുന്നയാളാണെന്ന് സംശയിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം മർദിച്ചിരുന്നു.