'ക്രിസ്ത്യാനികൾ രാജ്യദ്രോഹികൾ'; ജയ് ശ്രീറാം വിളിച്ച് ബൈബിളുകൾ കൂട്ടിയിട്ട് കത്തിച്ച് ഹിന്ദുത്വ വാദികൾ, വിഡിയോ പുറത്ത്
text_fieldsന്യൂഡൽഹി: ഹരിയാനയിലെ റോഹ്തക് ജില്ലയിൽ ക്രിസ്ത്യാനികൾക്ക് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം. പ്രാർഥനക്കായി ഒത്തുകൂടിയ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൈയേറ്റം ചെയ്യുകയും ബൈബിൾ പിടിച്ചെടുത്ത് കത്തിക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
പുറത്തുവന്ന വിഡിയോയിൽ, ക്രിസ്ത്യാനികൾ രാജ്യദ്രോഹികളാണെന്നും അവരുടെ ഗ്രന്ഥങ്ങൾ വൃത്തിക്കെട്ടതാണെന്നും പറയുന്നത് കേൾക്കാം. 'ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ച് വിശ്വാസികളെ കൊണ്ടു തന്നെ ബൈബിൾ കത്തിക്കാൻ നിർബന്ധിക്കുന്നത് കാണാം.
റോഹ്തക് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അടുത്തിടെ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നിരവധി തവണയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹിന്ദുത്വവാദികൾ ആക്രമണം നടത്തിയത്. നിർബന്ധിത മതംമാറ്റം ആരോപിച്ച് ഉത്തരേന്ത്യയിൽ വൈദികന്മാർ ആക്രമിക്കപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്.
അടുത്തിടെയാണ് ഛത്തീസ്ഗഢിലെ ഗ്രാമങ്ങളിൽ ‘ക്രിസ്ത്യൻ പാസ്റ്റർമാർക്കും മതംമാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനമില്ല’ എന്ന ബോർഡുകൾ ഉയർന്നത്. ബോർഡുകൾ സ്ഥാപിച്ചതിനെതിരെ നൽകിയ ഹരജി ഹൈകോടതി തള്ളുകയും ചെയ്തിരുന്നു. ബോർഡുകൾ സ്ഥാപിച്ച സംഭവം, വർഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണെന്ന് സിറോ മലബാർ സഭ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

