Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​'ഞങ്ങളുടെ കിടപ്പറകളിൽ...

​'ഞങ്ങളുടെ കിടപ്പറകളിൽ പോലും അവരെത്തി, ഉറങ്ങിക്കിടന്ന സ്‍ത്രീകളെയും കുട്ടികളെയും ഉണർത്തി'; പുണെയിൽ അതിർത്തികൾ കാത്ത സൈനികരുടെ കുടുംബത്തെ ബംഗ്ലാ​ദേശികളെന്ന് പറഞ്ഞ് ആക്ഷേപിച്ച് ആൾക്കൂട്ട ആക്രമണം

text_fields
bookmark_border
​ഞങ്ങളുടെ കിടപ്പറകളിൽ പോലും അവരെത്തി, ഉറങ്ങിക്കിടന്ന സ്‍ത്രീകളെയും കുട്ടികളെയും ഉണർത്തി; പുണെയിൽ അതിർത്തികൾ കാത്ത സൈനികരുടെ കുടുംബത്തെ ബംഗ്ലാ​ദേശികളെന്ന് പറഞ്ഞ് ആക്ഷേപിച്ച് ആൾക്കൂട്ട ആക്രമണം
cancel

ന്യൂഡൽഹി: പുണെയിലെ സൈനിക കുടുംബത്തെ ബംഗ്ലാദേശികളെന്ന് പറഞ്ഞ് ആക്ഷേപിച്ച് ആൾക്കൂട്ടം. ജൂലൈ 26ന് രാത്രി ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ആൾക്കൂട്ടത്തിന്റെ അധിക്ഷേപം. 70 ഓളം വരുന്ന സംഘമാണ് ചന്ദൻനഗറിൽ താമസിക്കുന്ന ഷംഷാദ് ശൈഖിന്റെ വീട്ടിലെത്തിയത്. ഉടൻ കുടുംബാംഗങ്ങളോട് പൗരത്വം തെളിയിക്കുന്നതിന് തെളിവ് കാണിക്കണമെന്നും ആവശ്യപ്പെട്ടു. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന സ്ത്രീകളെയും കുട്ടികളെയും അവർ ഭീഷണിപ്പെടുത്തി.

എന്നാൽ സാധാരണ വേഷത്തിൽ സംഭവസ്ഥലത്തെത്തിയ പൊലീസുകാരും ആൾക്കൂട്ടത്തെ തടഞ്ഞില്ല. ഒടുവിൽ കുടുംബത്തിലെ ചില അംഗങ്ങൾക്ക് വെരിഫിക്കേഷന് വേണ്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടി വന്നു.

''ഏതാണ്ട് 11.30-12 മണി ആയിക്കാണും. ആരൊക്കെയോ വന്ന് ഞങ്ങളുടെ വീടിന്റെ വാതിലിൽ മുട്ടി. ഞങ്ങളുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടായിരുന്നു അവർ എത്തിയത്. ആ സംഘം ഞങ്ങളുടെ വീട്ടിലേക്ക് അതി​ക്രമിച്ചു കയറി. ഞങ്ങളുടെ കിടപ്പറകളിൽ പോലും അവരെത്തി. ഉറങ്ങിക്കിടന്ന സ്‍ത്രീകളെയും കുട്ടികളെയും അവർ ഉണർത്തി. ഞങ്ങൾ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐ.ഡി തുടങ്ങിയവയെല്ലാം അവരെ കാണിച്ചു. എന്നാൽ അതെല്ലാം വ്യാജമാണെന്ന് പറഞ്ഞ് അധിക്ഷേപം തുടരുകയായിരുന്നു ആൾക്കൂട്ടം''-ഷംഷാദ് ശൈഖ് ഇന്ത്യൻ എക്സ്‍പ്രസിനോട് പറഞ്ഞു.

അതിരാവിലെ തന്നെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തണമെന്ന് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയ പൊലീസ് ഇൻസ്​പെക്ടർ സീമ ധാക്നെ, അല്ലാത്ത പക്ഷം അവരെ ബംഗ്ലാദേശികളായി പ്രഖ്യാപിക്കുമെന്നും ഭീഷണി മുഴക്കി.

''അർധരാത്രിയിൽ അഞ്ചുവയസുള്ള കുട്ടിയെ അവർ വിളിച്ചുണർത്തി. ഉറക്കപ്പിച്ചിൽ എഴുന്നേറ്റ കുട്ടിക്ക് എണീറ്റ് നിൽക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. അവൻ വേച്ചുവീഴാൻ പോയി. അർധരാത്രി രണ്ടുമണിക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഞങ്ങളോട് എന്തിനാണ് ആവശ്യപ്പെട്ടത്? പൊലീസ് വീട്ടിൽ വരേണ്ടത് ആ സമയത്താ​ണോ? ഞങ്ങൾ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളോ മാഫിയകളോ ടാഡ ചുമത്തിയ ഭീകരരോ ആണോ​? അതുകൊണ്ടാണോ അർധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ഞങ്ങളോട് ആവശ്യപ്പെട്ടത്''-ഇതേ വീട്ടിൽ താമസിക്കുന്ന ഷംഷാദ് ​​ശൈഖിന്റെ അമ്മാവൻ ഇർഷാദ് അഹ്മദ് ചോദിച്ചു.

അതിനു ശേഷം ചന്ദൻ നഗർ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഷംഷാദ് ശൈഖിന്റെ അമ്മാവൻ ഹഖീമുദ്ദീൻ സുദീർഘകാലം സൈന്യത്തിലായിരുന്നു. യു.പി സ്വദേശിയായ ഹഖീമുദ്ദീൻ ഇന്ത്യൻ ആർമിയിലായിരുന്നു. കാർഗിൽ യുദ്ധത്തിലും പ​ങ്കെടുത്തിട്ടുണ്ട്.

''130 വർഷം സൈനിക സേവനം നടത്തിയ പാരമ്പര്യമുണ്ട് ഞങ്ങളുടെ കുടുംബത്തിന്. ഞങ്ങളുടെ മുതുമുത്തശ്ശൻ ഹവിൽദാറായാണ് വിരമിച്ചത്. മുത്തശ്ശൻ സുബേദാർ ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ജംഷാദ് ഖാൻ മധ്യപ്രദേശ് ഡി.ജി.പിയായിരുന്നു. എ​ന്റെ രണ്ട് അമ്മാവൻമാർ സൈന്യത്തിൽ സുബേദാർ മേജറുമാരും. അവരെല്ലാം വിരമിച്ചു. അമ്മാവൻമാരിലൊരാളായ നയീമുല്ല ഖാൻ 1962ലാണ് സൈന്യത്തിൽ ചേർന്നത്. 1965ലെയും 1971ലെയും യുദ്ധത്തിൽ അദ്ദേഹം പോരാടി. മുഹമ്മദ് സലീം 1968ലാണ് സൈന്യത്തിൽ ചേർന്നത്. 1971ലെ യുദ്ധത്തിൽ അദ്ദേഹം പോരാടി. എന്റെ സഹോദരൻ ഹഖീമുദ്ദീൻ കാർഗിൽ യുദ്ധത്തിൽ പോരാടി. അദ്ദേഹം 2000ത്തിലാണ് വിരമിച്ചത്. ഇപ്പോൾ യു.പിയിലെ പ്രതാപ്ഗഡിലാണ് താമസം''അഹ്മദ് പറയുന്നു.

അതിർത്തികളിൽ കാവൽ നിന്ന് രാജ്യത്തെ സംരക്ഷിച്ചവരാണ് ഞങ്ങളുടെ പിതാമഹൻമാർ. 1971ലെ യുദ്ധത്തിൽ അമ്മാവന് പരിക്കേറ്റിരുന്നു. രാജ്യത്തിന് വേണ്ടി എല്ലാം സമർപ്പിച്ച ഞങ്ങളോട് പൗരത്വത്തിനായി തെളിവ് ചോദിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. പുണെയിൽ 64 വർഷമായി താമസിക്കുകയാണ് ഞങ്ങൾ. ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്നും അഹ്മദ് കൂട്ടിച്ചേർത്തു.

ബംഗ്ലാദേശി പൗരൻമാർ രാജ്യത്ത് തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് പുണെ പൊലീസിന്റെ വിശദീകരണം. വീട്ടിൽ അതിക്രമിച്ചു കയറിയത് ബജ്റംഗ് ദൾ പ്രവർത്തകരാണെന്ന കുടുംബത്തിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob attackIndiaLatest NewsBangladeshi nationals
News Summary - Mob Accuses War Veteran’s Family of Being Bangladeshi
Next Story