ലഖ്നോ: കസ്റ്റഡിയിൽ കൊല്ലപ്പെട്ട ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ മർദിക്കാൻ നിർദേശിച്ചത് പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാറെന്ന് അറസ്റ്റിലായ മഖി പൊലീസ് സ്റ്റേഷൻ ഒാഫിസർ കെ.പി. സിങ്. പെൺകുട്ടിയുടെ പിതാവ് കസ്റ്റഡി മർദനത്തിൽ കൊല്ലപ്പെട്ട ദിവസം എം.എൽ.എ തന്നെ നിരന്തരം വിളിച്ചതായി സിങ് വെളിപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥെൻറ വെളിപ്പെടുത്തൽ ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
എം.എൽ.എയുടെ സഹോദരൻ അതുൽ സിങ് സെൻഗർ കുട്ടിയുടെ പിതാവിനെ സ്റ്റേഷനിൽ വെച്ച് മർദിച്ച ദിവസംതന്നെയാണ് തനിക്കും മർദനത്തിന് അദ്ദേഹം നിർദേശം നൽകിയതെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.െഎ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു. ഫോൺ വിളിയുടെ വിശദാംശങ്ങളിൽനിന്ന് വെളിപ്പെടുത്തൽ സത്യമാണെന്ന് ബോധ്യപ്പെട്ടതായും കുറഞ്ഞത് 10 തവണയെങ്കിലും ആ രാത്രി സെൻഗർ കെ.പി. സിങ്ങിനെ ഫോൺ ചെയ്തതായും സി.ബി.െഎ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
അന്വേഷണത്തിെൻറ ഭാഗമായി കെ.പി. സിങ്ങിെൻറ സാന്നിധ്യത്തിൽ സെൻഗറെ ചോദ്യം ചെയ്യുമെന്ന് സി.ബി.െഎ അറിയിച്ചു. അതിനിടെ കേസന്വേഷണ പുരോഗതി റിപ്പോർട്ട് സി.ബി.െഎ അലഹബാദ് കോടതിയിൽ സമർപ്പിച്ചു. മേയ് 30നാണ് കേസിൽ അടുത്ത വാദംകേൾക്കൽ.