ന്യൂഡൽഹി: പൊതുസ്ഥലങ്ങളിൽ നമസ്കാരം നടത്തുന്നത് തടയുമെന്ന പ്രസ്താവന പിൻവലിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. നമസ്കാരം തടയുമെന്ന് താൻ പറഞ്ഞിട്ടില്ല. ക്രമസമാധാനം സംരക്ഷിക്കേണ്ടത് പൊലീസിെൻറയും ഭരണകൂടത്തിെൻറയും ചുമതലയാണെന്നും ഖട്ടർ പറഞ്ഞു.
തെൻറ വിവാദമായ പരാമർശം വിശദീകരിച്ച് തടിയൂരാൻ ശ്രമിച്ച ഖട്ടറിന് തിരിച്ചടി നൽകി സർക്കാറിലെ മറ്റൊരു മന്ത്രി നമസ്കാരം തടയുന്നതിനെ അനുകൂലിച്ചു. നമസ്കാരം നടത്താൻ ഒരാൾക്ക് മതപരമായ അവകാശമുണ്ട്. എന്നാൽ സ്ഥലം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ പൊതുസ്ഥലത്ത് നമസ്കാരം നടത്താൻ കഴിയില്ല. സർക്കാറിന് അത് അനുവദിക്കാൻ സാധിക്കില്ലെന്നും സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു.
തീവ്ര ഹിന്ദുത്വ സംഘടനകൾ ഹരിയാനയിലെ നിരവധി സ്ഥലങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരം തടഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ച് ഹരിയാന മുഖ്യമന്ത്രി മേനാഹർ ലാൽ ഖട്ടർ പൊതുസ്ഥലങ്ങളിൽ നമസ്കാരം നടത്തരുതെന്നും അത് പള്ളികളിലും ഇൗദ്ഗാഹുകളിലും മാത്രം മതിയെന്നും പറഞ്ഞിരുന്നു.
ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും പൊതുസ്ഥലങ്ങളിൽ നമസ്കാരം നിർവഹിക്കുന്ന പ്രവണത വർധിച്ചുവരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നമസ്കാരം അതിനായി നിശ്ചയിച്ച സ്ഥലത്താണ് നടത്തേണ്ടത്. നമസ്കരിക്കാൻ സ്ഥലമില്ലെങ്കിൽ വ്യക്തിപരമായുള്ള സ്ഥലത്ത് നിർവഹിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
സംയുക്ത് ഹിന്ദു സംഘർഷ് സമിതി എന്ന സംഘടനയുടെ പേരിൽ ‘ജയ് ശ്രീറാം’ ‘രാധേ രാധേ’ വിളികളുമായെത്തിയ സംഘ്പരിവാർ പ്രവർത്തകരാണ് ഏപ്രിൽ 20 മുതൽ ഹരിയാനയിൽ ജുമുഅ നമസ്കാരം തടഞ്ഞു തുടങ്ങിയത്.
സെക്ടർ 53ലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ നടന്നുവരാറുള്ള ജുമുഅയാണ് ആദ്യം തടഞ്ഞത്. ഇവിടെ സംഘർഷത്തെ തുടർന്ന് പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. അതോടെ, പൊതുസ്ഥലങ്ങളിലെ നമസ്കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തുടർന്ന്, ഏപ്രിൽ 27ന് സൈബർ പാർക്കിനും സഹാറാമാളിനും ഇഫ്കോ ചൗകിനും അടുത്തുള്ള നമസ്കാരങ്ങളും ഇതേരീതിയിൽ തടഞ്ഞിരുന്നു.