'അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചാൽ കർശന നടപടി'; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി എം.കെ. സ്റ്റാലിൻ
text_fieldsഎം.കെ. സ്റ്റാലിൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കാമ്പസുകളിൽ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സർക്കാറിൽ നിന്ന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം 'ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായിരിക്കണം, കെട്ടുകഥകളിലോ അശാസ്ത്രീയമായ ആചാരങ്ങളിലോ അല്ല' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയും സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരായാൽ സർക്കാറിന്റെ പ്രതികരണം കഠിനമായിരിക്കുമെന്നും ഈ ലക്ഷ്യങ്ങളിലേക്ക് കാമ്പസുകളെ നയിക്കുന്നതിന് കൃത്യമായ പദ്ധതി തയാറാക്കാൻ സർവകലാശാല മേധാവികൾക്ക് നിർദ്ദേശം നൽകിയതായും സ്റ്റാലിൻ പങ്കുവെച്ചു.
മോഷ്ടിക്കാൻ കഴിയാത്ത ഒരേയൊരു സമ്പത്ത് വിദ്യാഭ്യാസം മാത്രമാണെന്നും സ്റ്റാലിൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം ടെക്നോളജി, കമ്പ്യൂട്ടിങ് തുടങ്ങിയ നൂതന മേഖലകളിൽ തമിഴ്‌നാട്ടിലെ വിദ്യാർഥികൾ ഇതിനകം തന്നെ മികവ് പുലർത്തുന്നുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആഗോളതലത്തിൽ മത്സരിക്കാൻ യുവാക്കൾ തയാറെടുക്കണമെന്നും അതിനുള്ള താക്കോൽ വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ പഠിക്കുന്നത് തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) പോലെയുള്ള കേന്ദ്ര പദ്ധതിളെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ദൗത്യത്തിൽ സർക്കാർ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

