‘അഹങ്കാരം നാശത്തിനു കാരണമാകും...’; ഉദയനിധിയുടെ അറസ്റ്റിൽ വിജയിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: വിവാദ പരാമർശങ്ങളിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ന്യായീകരിച്ച് ഡി.എം.കെ അധ്യക്ഷനും പിതാവുമായ എം.കെ. സ്റ്റാലിൻ. ഭരണകക്ഷിക്ക് അഹങ്കാരമാണെന്ന് കുറ്റപ്പെടുത്തിയ സ്റ്റാലിൻ, തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അഹങ്കാരം നാശത്തിലേക്ക് നയിക്കുമെന്നും അതിരുകവിഞ്ഞ അഹങ്കാരം നാശം വേഗത്തിലാക്കുമെന്നും വിമർശിച്ചു.
നടി തൃഷക്കെതിരായ ദ്വയാർഥ പരാമർശത്തിൽ അറസ്റ്റിലായ ഉദയനിധിയെ നാലു മണിക്കൂർ ചോദ്യംചെയ്ത ശേഷം പൊലീസ് വിട്ടയച്ചിരുന്നു. നേരത്തെ, തന്റെ പ്രസംഗത്തിൽ അശ്ലീലതയില്ലെന്ന് വ്യക്തമാക്കിയ ഉദയനിധി, ടി.വി.കെ സർക്കാറിന്റേത് ഭരണപരമായ പരാജയമാണെന്നും കാവേരി വെള്ളം ഉറപ്പാക്കുന്നതിലും മേക്കെദത്തു അണക്കെട്ടിനെ എതിർക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ചിരുന്നു. ‘ഈ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിൽ പരാജയപ്പെട്ട സർക്കാർ, കാവേരി വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്’ -സ്റ്റാലിൻ പറഞ്ഞു.
‘കാവേരി വെള്ളം കൊണ്ടുവരാൻ കഴിവില്ലാത്ത, മേക്കെദത്തു അണക്കെട്ട് നിർമാണം തടയുന്നത് സംസാരിക്കാൻ പോലും ധൈര്യമില്ലാത്ത ഒരു അപ്രാപ്തനായ ഡമ്മി മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്. കർഷകർ ദുരിതം അനുഭവിക്കുമ്പോൾ, വിജയിയുടെ ജനനായകൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിമർശനങ്ങളെക്കുറിച്ചാണ് ടി.വി.കെ സർക്കാറിന് കൂടുതൽ ആശങ്ക. ഒരു ജോക്കർ മന്ത്രിസഭയാണ് തമിഴ്‌നാട്ടിൽ ഭരണം നടത്തുന്നത്’ -സ്റ്റാലിൻ വിമർശിച്ചു.
സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ഒരു ദിവസം മുമ്പുള്ള അറസ്റ്റ്, പ്രതിപക്ഷ നേതാവിനെ സഭയിൽ പ്രവേശിക്കുന്നതിൽനിന്ന് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ വിമർശകർ, പ്രതിപക്ഷ നേതാക്കൾ, വിദ്യാർഥികൾ, കർഷകർ, പ്രതിഷേധക്കാർ എന്നിവരെ നിശ്ശബ്ദരാക്കാൻ ടി.വി.കെ സർക്കാർ അറസ്റ്റ് ഉപകരണമാക്കുകയാണെന്ന് ഡി.എം.കെ നേതാക്കൾ ആരോപിച്ചു. ഉദയനിധിയെ ചോദ്യം ചെയ്തശേഷം വിട്ടയക്കണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു.
കസ്റ്റഡിയിലെടുത്ത് ഏകദേശം നാല് മണിക്കൂറിന് ശേഷമാണ് ഉദയനിധിയെ പൊലീസ് വിട്ടയച്ചത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ആവശ്യമുള്ളപ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഉദയനിധിയോട് കോടതി നിർദേശിച്ചു. ഉദയനിധിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, ഇതിനകം തന്നെ അദ്ദേഹം പൊലീസ് കസ്റ്റഡിയിലാണെന്നും ചോദ്യംചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനാണ് സർക്കാർ തീരുമാനമെന്നും അഡ്വ. ജനറൽ വിജയ് നാരായണൻ കോടതിയെ അറിയിച്ചു.
നേരത്തേ, തഞ്ചാവൂർ ഈസ്റ്റ് പൊലീസ് ചെന്നൈയിലെ നീലാങ്കരയിലെ വീട്ടിൽ നിന്ന് ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് ചോദ്യംചെയ്യലിനായി കൊണ്ടുപോയിരുന്നു. തമിഴ്നാട് വനിതാ പീഡന നിരോധന നിയമത്തിലെ വകുപ്പ് നാല്, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 67 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാവേരി പ്രതിഷേധ യോഗത്തിനിടെ നടി തൃഷയുടെ പേര് ചിലർ വിളിച്ചുപറഞ്ഞതിനെ തുടർന്ന് ഉദയനിധി നടത്തിയ പരാമർശമാണ് വിവാദമായത്. ഇത് നടിയെ ലക്ഷ്യമിട്ടുള്ള ഇരട്ട അർഥമുള്ള പരാമർശമാണെന്ന് ആരോപിച്ച് തമിഴക വെട്രി കഴകത്തിന്റെ വനിതാ വിഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പരാമർശം കാവേരി ജലവിതരണത്തെക്കുറിച്ചായിരുന്നുവെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നുമാണ് ഡി.എം.കെ.യുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

