‘വികട’ന്‍റെ വിലക്കിൽ രൂക്ഷമായി പ്രതികരിച്ച് എം.കെ. സ്റ്റാലിൻ; ‘ബി.ജെ.പിയുടെ ഫാഷിസ്റ്റ് മനോഭാവം, മാധ്യമങ്ങളെ തടയുന്നത് ജനാധിപത്യത്തിന് നല്ലതല്ല’
text_fieldsചെന്നൈ: മോദി കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ നിർദേശത്തിൽ വികടൻ വെബ്‌സൈറ്റിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ബി.ജെ.പിയുടെ ഫാഷിസ്റ്റ് മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് എം.കെ. സ്റ്റാലിൻ എക്സിൽ കുറിച്ചു.
വികടൻ വെബ്‌സൈറ്റ് മുടക്കിയതിനെ അപലപിച്ച സ്റ്റാലിൻ, അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെക്കുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് വ്യക്തമാക്കി. ഒരു നൂറ്റാണ്ടായി പത്രപ്രവർത്തന രംഗത്തുള്ള വികടന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമായതിൽ ഖേദം പ്രകടിപ്പിച്ച സ്റ്റാലിൻ, പ്രവർത്തനം പുനരാരംഭിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഫെബ്രുവരി പത്തിനാണ് വികടന്റെ ഡിജിറ്റൽ മാസികയായ വികടൻ പ്ലസ് അനധികൃത ഇന്ത്യക്കാരെ കയ്യാമംവെച്ച് അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന വിഷയം എടുത്തു കാണിക്കുന്ന കവർ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ചർച്ച ചെയ്തില്ലെന്നും കാർട്ടൂണിൽ സൂചിപ്പിക്കുന്നുണ്ട്.
കാർട്ടൂൺ പ്രസിദ്ധീകരിച്ച വികടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ, പാർലമെന്ററി കാര്യ സഹമന്ത്രി എൽ. മുരുകൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. വികടനിൽ പ്രത്യക്ഷപ്പെട്ട അഞ്ച് കാർട്ടൂണുകൾ ചൂണ്ടിക്കാട്ടി പരാതി നൽകി ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് വെബ്സൈറ്റിന്‍റെ പ്രവർത്തനം നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

